
കാസർകോട്: തുടർച്ചയായി രണ്ടു തവണ എം.എൽ. എയായവരെ മാറ്റി നിറുത്താനാണ് സി. പി. എം നേതൃത്വത്തിന്റെ തീരുമാനമെങ്കിലും ജില്ലയിലെ പ്രസ്റ്റീജ് മണ്ഡലമായ ഉദുമയിൽ മുതിർന്ന സി.പി.എം നേതാവും ജനകീയനുമായ കെ. കുഞ്ഞിരാമന് ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
മണ്ഡലത്തിൽ ഏറെ ജയ സാധ്യതയുള്ള നേതാവാണ് കുഞ്ഞിരാമൻ. മണ്ഡലത്തിന് പുറത്തുനിന്ന് മാറ്റരെയെങ്കിലും ഉദുമയിൽ മത്സരിപ്പിച്ചാലത് ഉറച്ച സീറ്റിലെ വിജയത്തെ ബാധിക്കുമെന്നും
പാർട്ടി വിലയിരുത്തുന്നു. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ നിഷ്പക്ഷ, ന്യുനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ കുഞ്ഞിരാമന് കഴിയും. കെ. കുഞ്ഞിരാമൻ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചാൽ, സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ
എം.എൽ.എയുമായ സി.എച്ച്. കുഞ്ഞമ്പു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി എന്നിവരിലൊരാളെ പരിഗണിക്കാനാണ് സാദ്ധ്യത.
ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്ല്യോട്ട് ഉൾക്കൊള്ളുന്ന മണ്ഡലമെന്ന നിലയിൽ ഉദുമ രാഷ്ട്രീയ ശ്രദ്ധനേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പുല്ലൂർ -പെരിയ ഗ്രാമ പഞ്ചായത്ത് ഭരണം യു .ഡി .എഫ് പിടിച്ചെങ്കിലും മണ്ഡലത്തിൽ ഇടതുമുന്നണിയുടെ മേൽക്കോയ്‌മ ശക്തമാണ്.