school

കണ്ണൂർ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെ വനിതാ സ്‌പോർട്‌സ് സ്‌കൂളാക്കി മാറ്റാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിലിൽ പ്രമേയം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അടിയന്തര പ്രമേയത്തിലൂടെയാണ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെ വനിതാ സ്‌പോർട്‌സ് സ്‌കൂളാക്കി മാറ്റാനുള്ള സർക്കാർ തീരുമാനം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

സ്ഥലം എം.പിയെയോ കോർപ്പറേഷനെയൊ അറിയിക്കാതെയെടുത്ത തീരുമാനം പ്രതിഷേധാർഹമാണെന്നും സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വിവിധ പദ്ധതികൾ കരാറുകാർ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഈടാക്കാൻ യോഗത്തിൽ തീരുമാനമായി. കരാറുകാർ പ്രവ‌ൃത്തി പൂർത്തീകരിക്കാൻ വൈകുമ്പോൾ കോർപറേഷനുണ്ടാകുന്ന നഷ്ടം ഭീമമാണെന്നും കരാറുകാർ കൃത്യമായി പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ പദ്ധതി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും മേയർ ടി.ഒ. മോഹനൻ വ്യക്തമാക്കി. സാമൂഹിക പെൻഷൻ അനുവദിക്കുന്നതിൽ സർക്കാർ നിരന്തരം നയം മാറ്റുന്നതിനാൽ പെൻഷൻ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി.

കോർപറേഷനിലെ തെരുവുകച്ചവടക്കാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന നഗര കച്ചവട സമിതി (ടൗൺ വെന്റിംഗ് കമ്മിറ്റി)യിൽ ഭരണപക്ഷത്തുള്ളവരെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. തെരുവു കച്ചവടക്കാർക്കായി നിരവധി പ്രവർത്തനം നടത്തുന്ന ഇടതുപക്ഷത്തിൽ നിന്ന് ഒരു കൗൺസിലറെ ഉൾപ്പെടുത്താത്തത് നിരാശജനകമാണെന്നായിരുന്നു പ്രതിപക്ഷവാദം. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാക്കാമെന്നു മേയർ പറഞ്ഞു.

ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെ പൂർണ്ണമായും വനിതാ സ്പോർട്സ് സ്കൂൾ ആക്കി മാറ്റാനാണ് സർക്കാർ തീരുമാനം. ഈ നടപടി പിൻവലിക്കണം. നിരവധി സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ചരിത്രപ്രാധാന്യമുള്ള സ്കൂളാണിത്. രണ്ടുമന്ത്രിമാർ ചേർന്ന് നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് ഈ നടപടി.

സുരേഷ് ബാബു എളയാവൂർ,യു.ഡി.എഫ്

തെറ്റായ പരാമർശമാണ് പ്രമേയത്തിലുള്ളത്. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരാണിത്.അന്താരാഷ്ട്ര ലോബികളുടെ താത്പ്പര്യം സംരക്ഷിക്കുകയെന്ന തരത്തിലേക്ക് ഇത് വളച്ചൊടിക്കുകയാണ്

എൻ.സുകന്യ ,എൽ.ഡി.എഫ്