പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യം ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. കലങ്ങൾ കൂട്ടത്തോടെ ഘോഷയാത്രയായി സമർപ്പിക്കുന്നതിന് ഇക്കുറി ക്ഷേത്രാനുമതി ഇല്ല.
വ്രതം നോറ്റ് നെല്ല് കുത്തി പച്ചരിയാക്കി, അതിൽ ഒരു നാഴി പച്ചരി പൊടിച്ചതും, ശർക്കര, നാളികേരം, അടയ്ക്ക വെറ്റില, തുടങ്ങി നിവേദ്യ ദ്രവ്യങ്ങൾ നിറച്ച പുതിയ കലങ്ങൾ വാഴയിലകൊണ്ട് മൂടണം. നഗ്നപാദരായി ക്ഷേത്ര സന്നിധിയിലേക്ക് സമർപ്പണത്തിനായി എത്തുന്ന ഭക്തർ കൈയിൽ ആവശ്യത്തിന് കുരുത്തോലയും കരുതണം. 5ന് രാവിലെ ആചാരസ്ഥാനികരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ശുദ്ധികൾമ്മങ്ങൾക്കു ശേഷം ഭണ്ഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കലം മേലെ ക്ഷേത്രസന്നിധിയിലെത്തും. പ്രദക്ഷിണ ശേഷം കർമ്മികൾ പണ്ടാരകലം ഏറ്റുവാങ്ങുന്നതോടെ ഭക്തിനിർഭരമായ മഹാനിവേദ്യം സമർപ്പണം ആരംഭിക്കും. സമർപ്പണം കഴിഞ്ഞ് മൺപാത്രത്തിൽ മാങ്ങാ അച്ചാർ ചേർത്ത കുത്തിയരി കഞ്ഞിയും കുടിച്ച് ഭക്തർ തിരിച്ചു പോകും.
വിവിധ പ്രാദേശിക സമിതികളിൽ നിന്നുമുള്ള കേന്ദ്ര പ്രാദേശിക പ്രതിനിധികൾ കലം ഏറ്റുവാങ്ങി, വേർതിരിച്ചെടുക്കുന്ന നിരതദ്രവ്യങ്ങൾ ഉപയോഗിച്ച് നിവേദ്യങ്ങൾ തയ്യാറാക്കും. പച്ചരിയിൽ ചോറും അരിപ്പൊടിയും ശർക്കരയും ചേർത്ത് കഷണങ്ങളാക്കി കോർത്തെടുത്ത കുരുത്തോലയിൽ അട പ്രസാദം തയ്യാറാക്കും. അകത്തേക്കുള്ള നിവേദ്യം സ്ഥാനികർ പ്രത്യേകം തയ്യാറാക്കി സമർപ്പിച്ചു കഴിഞ്ഞാലാണ് സമർപ്പണം പൂർണ്ണമാകുന്നത്. നിറഞ്ഞ നിവേദ്യ കലങ്ങൾക്കും, അട പ്രസാദങ്ങൾക്കും വിശുദ്ധി വരുത്തിയ ശേഷം അടുത്ത നാൾ പുലർച്ചെ മഹാനിവേദ്യം കലമെടുപ്പ് ആരംഭിക്കും.
വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണത്തിനായി ക്ഷേത്രത്തിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മാസ്‌ക് നിർബന്ധമായും ധരിക്കണം. ചെറിയ കുട്ടികളും പ്രായമേറിയവരും ഇത്തവണ നിവേദ്യ കലവുമായി വരുന്നത് ഒഴിവാക്കണം. ക്ഷേത്രത്തിൽ ആൾക്കൂട്ടം പാടുള്ളതല്ല.
അഡ്വ. കെ. ബാലകൃഷ്ണൻ, പ്രസിഡന്റ്,ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി