കണ്ണൂർ: കേരളത്തിന്റെ ഇലക്ട്രോണിക്സ് മാന്ത്രികനായി അറിയപ്പെട്ടിരുന്ന കെൽട്രോൺ സ്ഥാപക ചെയർമാൻ കെ.പി.പി. നമ്പ്യാർക്ക് ജന്മനാട്ടിൽ പ്രതിമ ഒരുങ്ങുന്നു. പ്രമുഖ ശിൽപ്പി ഉണ്ണി കാനായി നിർമ്മിക്കുന്ന വെങ്കല ശിൽപ്പം ഈ മാസം അവസാനത്തോടെ അനാവരണം ചെയ്യും.
ടെക്‌നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്നീ നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വിദഗ്ദ്ധനായിരുന്നു കെ.പി.പി. നമ്പ്യാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാർ.
ഏഴടി ഉയരമുള്ള വെങ്കലശില്പം ധർമ്മശാലയിലെ കണ്ണൂർ കെൽട്രോൺ ആസ്ഥാനത്ത് സ്ഥാപിക്കും. എട്ട് മാസമെടുത്ത് നിർമ്മിച്ച ശിൽപ്പം ആദ്യം കളിമണ്ണിൽ നിർമ്മിച്ച ശേഷം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിൽ നിർമ്മിച്ചാണ് വെങ്കലശിൽപ്പമാക്കി മാറ്റിയത്. ഷൈജിത്ത്, അഭിജിത്ത്, മിഥുൻ, സുരേഷ്, ശ്രീകുമാർ വിനേഷ്, ബാലൻ എന്നിവർ നിർമ്മാണത്തിൽ സഹായികളായിരുന്നു.