തലശ്ശേരി: മൃഗ ഡോക്ടറെന്ന വ്യാജേന ചികിത്സിച്ചയാൾ നൽകിയ കുത്തിവയ്പ്പിനെ തുടർന്ന് വീട്ടിൽ ഓമനിച്ചു വളർത്തിയ നായ ചത്തതായി പരാതി. ധർമ്മടം ഇല്ലിക്കുന്ന് എടത്തിലമ്പലം സ്വദേശിനി നിഷാ രാജീവാണ് മേലൂർ സ്വദേശിയായ ദിനേശിനെതിരെ പരാതി നൽകിയത്.

മൂന്ന് വയസുള്ള വളർത്തുനായ മിക്കിയെ ഡോക്ടർ എന്ന വ്യാജേന ദിനേശൻ വീട്ടിൽ വന്ന് ചികിത്സിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. രോഗം മൂർച്ഛിച്ച അവസ്ഥയിൽ നായയെ തലശ്ശേരിയിൽ വെറ്ററിനറി ഡോക്ടറുടെ അടുത്തു എത്തിച്ചപ്പോഴാണ് നേരത്തെ നൽകിയ ചികിത്സയിലെ പിഴവാണെന്ന് മനസിലായത്. തുടർന്ന് ധർമ്മടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയിരുന്ന ദിനേശൻ വളർത്തുമൃഗങ്ങളെ അനധികൃതമായി ചികിത്സിക്കാറുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തുവിട്ടയച്ചു.