കണ്ണൂർ: മത്സ്യ തൂക്കക്കുറവുമായി ബന്ധപ്പെട്ട് ആയിക്കര ഹാർബറിൽ കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ ആയിക്കര ഹാർബർ പൂർണമായും അടച്ചിട്ടു. ഹോൾസെയിൽ കച്ചവടക്കാരിൽ നിന്നും ചെറുകിട മത്സ്യ വ്യാപാരികൾ മത്സ്യം വാങ്ങുമ്പോൾ തൂക്കത്തിൽ മൂന്നും നാലും കിലോ വരെ കുറവുണ്ടാകുന്നുവെന്നാണ് ചെറുകിട മത്സ്യ കച്ചവടക്കാർ പറയുന്നത്. ഇതേ തുടർന്നായിരുന്നു സംഘർഷം.
വിഷയത്തിൽ ടൗൺ സി.ഐയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഫിഷ് മർച്ചന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ആർ.എം.എ മുഹമ്മദ്, തൊഴിലാളികളെ പ്രതിനിധീകരിച്ച് സാഹിർ പാലക്കൽ, സലിം ആയിക്കര എന്നിവർ പങ്കെടുത്തു. കൃത്യമായ തൂക്കത്തിൽ മീൻ നൽകാം എന്ന് ചർച്ചയിൽ മൊത്തക്കച്ചവടക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേപോലെ മീനിന്റെ വിലയും തൽസമയം നിശ്ചയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കണ്ണൂരിൽ മാത്രമല്ല തലശ്ശേരി ഹോൾസെയിൽ മാർക്കറ്റിലും സമാനമായ അവസ്ഥയാണുള്ളതെന്ന പരാതിയുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിൽ ഇത് ചോദ്യം ചെയ്ത മട്ടന്നൂർ ഉളിയിൽ സ്വദേശിയായ ജാഫർ (34), എടയന്നൂർ സ്വദേശിയായ റിയാസ് (36) എന്നിവർക്കാണ് മർദ്ദനമേറ്റത്. തൂക്കകുറവ് ചോദ്യം ചെയ്താൽ പറയുന്നവൻ കള്ളനാണെന്ന് പറഞ്ഞ് ആരോപിക്കുന്നവരെ മാറ്റിനിർത്തുന്ന സമീപനമാണ് മൊത്തക്കച്ചവ ടക്കാർക്കുള്ളതെന്നുംപറയുന്നു. പിന്നീട് ഇവർക്ക് മത്സ്യം ലഭിക്കുകയുമില്ല. അത് കാരണം ആരും ചോദ്യം ചെയ്യാറില്ലത്രെ.
വൈറലായ കുറിപ്പ്
മൊത്ത വ്യാപാരികളിൽ നിന്നും മീൻ എടുക്കുന്ന ചെറുകിട വ്യാപാരികളുടെ മീൻ ചിലർ കവരുന്നതായി ആരോപിച്ച് 'മരണം പതിയിരിക്കുന്ന മത്സ്യവ്യാപാരം' എന്ന മത്സ്യ വ്യാപാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൊത്തക്കച്ചവടക്കാരിൽ നിന്നും മീനെടുക്കുന്ന ചെറുകിട വ്യാപാരികൾ കൊള്ളക്കിരയാവുന്നുവെന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.