കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഇനി സംരക്ഷിത സ്മാരകം. വിദ്യാലയത്തിന്റെ ചരിത്ര പ്രാധാന്യവും പരമ്പരാഗത വാസ്തു ശിൽപ രീതിയിലുള്ള നിർമ്മിതിയും കണക്കിലെടുത്ത് സംരക്ഷിത സ്മാരകമാക്കി മാറ്റുവാനുള്ള പ്രവൃത്തികൾ പുരാവസ്തു വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടത്തിന്റെ സമർപ്പണം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ 1844ൽ കൊറ്റിയത്ത് തറവാടിന്റെ ചായ്പിൽ ആരംഭിച്ച ബാലികാ പാഠശാലയാണ് പിന്നീട് പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ സ്‌കൂളായി മാറിയത്. പിന്നീട് 1884ൽ ബ്രിട്ടീഷുകാർ ബാലികാ പാഠശാലയേറ്റെടുത്ത് ലോവർ പ്രൈമറി സ്‌കൂൾ ആക്കി. പിന്നീടിത് ലോവർ സെക്കൻഡറി സ്‌കൂളായി. 1916 മുതലാണ് ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയത്. വാസ്തു ശിൽപപരമായി ഏറെ പ്രത്യേകതകൾ ഉള്ളതാണ് സ്‌കൂൾ കെട്ടിടം. തദ്ദേശീയവും കൊളോണിയലുമായ വാസ്തു ശൈലികൾ സമന്വയിപ്പിച്ചുള്ള ബ്രിട്ടീഷ് നിർമ്മിതി ആരെയും ആകർഷിക്കും. ഉയരമുള്ള മേൽക്കൂര, വ്യാസമേറിയതും ഉരുണ്ടതുമായ തൂണുകൾ ആർച്ചുകൾ, വലിയ ജാലകങ്ങൾ, വാതിലുകൾ, നീളമുള്ള ഇടനാഴികൾ, തറയോട് പാകിയ നിലം എന്നിവയും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഇവയുടെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയായി.
ജീർണാവസ്ഥയിലായിരുന്ന സ്‌കൂൾ കെട്ടിടത്തിന്റെ തനിമയും സൗന്ദര്യവും നഷ്ടപ്പെടാതെയാണ് പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവൃത്തികൾ നടത്തിയത്. 47 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവായത്.
ഏറെ പ്രത്യേകതയുള്ളതാണ് വിദ്യാലയത്തിന്റെ മുഖമണ്ഡപം. ഒരു സർക്കാർ വിദ്യാലയത്തിന്റെ പരമ്പരാഗത നിർമ്മാണ ശൈലിയിൽ നിന്നും വേറിട്ട് നിൽക്കുന്ന നിർമ്മിതിയാണ് ഇതിനുള്ളത്. പൈതൃക ശേഷിപ്പ് എന്ന നിലയിലാണ് ഈ കെട്ടിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിച്ചത്. നാശത്തിന്റെ വക്കിലെത്തിയിരുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ അതിന്റെ തനിമ നിലനിർത്തികൊണ്ട് പുരാവസ്തു വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നത്.