പഴയങ്ങാടി: 'ഇനി ഞാൻ ഒഴുകട്ടെ' തുടങ്ങിയ പദ്ധതികളാവിഷ്കരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ തോടുകളും ജലാശയങ്ങളും ശുചീകരിക്കുമ്പോഴും മാടായി പഞ്ചായത്തിലെ തോടുകൾ ശാപമോക്ഷത്തിനായി യാചിക്കുന്നു. മുട്ടം, വെങ്ങര, പുതിയങ്ങാടി, മാടായി മേഖലയിലെ തോടുകൾ മാലിന്യംനിറഞ്ഞു രോഗവാഹികളായി മാറിയിരിക്കുകയാണ്.
മാലിന്യ നിർമ്മാർജ്ജനത്തിനായി മാടായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതികൾ ഒന്നും തന്നെ നടപ്പിലായില്ല. അടച്ചുപൂട്ടിയ ചൈനക്ലേ കമ്പനി പുറംതള്ളിയ മാലിന്യം മുട്ടം,വെങ്ങര പ്രദേശത്ത് കൂടി കടന്നുപോകുന്ന കാവിലെ വളപ്പ് തോട്ടിൽ നിറഞ്ഞു കൂമ്പാരമായി കിടക്കുകയാണ്.
പുതിയങ്ങാടിയിലെ കടവത്ത് തോട്, സുൽത്താൻ തോട്, മാടായിലെ കക്കിതോട് എന്നിവയിലും മാലിന്യം മാത്രമേയുള്ളു. മാലിന്യം ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുകയും മാരകരോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ തോടുകൾ. തോടുകളുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുമുണ്ട്.
മാലിന്യനിർമാർജ്ജന പദ്ധതി ഉടനെ നടത്തിയില്ലെങ്കിൽ പ്രദേശം മാരകരോഗങ്ങളുടെ പിടിയിലാകും. മാലിന്യവിഷയത്തിൽ മാടായി പഞ്ചായത്തിനെതിരെ കടുത്ത ജനരോഷമുയരുകയാണിപ്പോൾ.
ഭീഷണി വിതച്ച് രാസമാലിന്യങ്ങളും
ചൈനക്ലേ കമ്പനിയിൽ നിന്നും പുറം തള്ളിയ മലിനജലത്തിലെ രാസപദാർത്ഥങ്ങളായ ഡിഗ്നേറ്റർ, സൾഫർ, മഗ്നീഷ്യം, ഉയർന്ന തോതിലുള്ള ഇരുമ്പ് സത്ത് എന്നിവ നിറഞ്ഞ മാലിന്യങ്ങളാണ് തോട്ടിൽ കൂമ്പാരമായി കിടക്കുന്നത്. ഇതുമൂലം പ്രദേശത്തെ കുടിവെള്ളത്തിൽ ഉണ്ടാവുന്ന ടി.ഡി.എസിന്റെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ 500 മില്ലിഗ്രാം എന്ന നിലയിൽ നിന്നും 3000 മില്ലി ഗ്രാം വരെ ആയി ഉയർന്നുവെന്നാണ് പരിശോധനാഫലം. ഇത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നു.