കൂത്തുപറമ്പ്: നേതൃത്വം തെറ്റായ നിലപാടെടുക്കുന്നുവെന്നാരോപിച്ച് കോളയാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ കൂട്ടരാജി. വൈസ് പ്രസിഡന്റ് കെ.ദിവാകരൻ , ജനറൽ സെക്രട്ടറി പി.പി. പുരുഷോത്തമൻ, മണ്ഡലം സെക്രട്ടറിമാരായ ജി. ശ്രീനിവാസൻ, എസ്. യൂസഫ്, കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചിറ്റാരിപ്പറമ്പ് അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ.ഓപ്പ് സൊസൈറ്റി ജീവനക്കാരൻ കെ.എം.സതീശൻ എന്നിവരാണ് രാജിവച്ചത്.

മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന് രാജിവച്ചവർ കൂത്തുപറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബ്ളോക്കിനകത്ത് നിലനിൽക്കുന്ന ഗ്രൂപ്പുകളിയുടെ ഭാഗമായി അനർഹരായ ആളുകളാണ് നേതൃസ്ഥാനങ്ങളിൽ എത്തിപ്പെട്ടിട്ടുള്ളത്. അതോടൊപ്പം സ്ഥാനമാനങ്ങൾ വീതം വെക്കുന്നതിന്റെ ഭാഗമായി കഴിവും നേതൃശേഷിയുമുള്ള വരെ അകറ്റി നിർത്തുകയുമാണെന്ന് രാജിവച്ചവർ ആരോപിച്ചു.

കോൺഗ്രസിന്റെ നിയന്ത്രണത്തിൽ ചിറ്റാരിപ്പറമ്പിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയിലേക്ക് അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ ഒരു ഗ്രൂപ്പിലുള്ളവരെ മാത്രമാണ് പരിഗണിച്ചത്. മേൽക്കമ്മറ്റികൾക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും പരിഗണിക്കാൻ നേതൃത്വം തയ്യാറായില്ല. നേതൃത്വം തയ്യാറാക്കിയ പാനലിന് വിരുദ്ധമായി മത്സരിച്ച സ്ഥാനാർത്ഥിയുടെ വീടിന് മുമ്പിൽ ഒരു സംഘം ഭീകരത സൃഷ്ടിച്ചെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെയാണ് നേതാക്കൾ രാജിവച്ചത്.