thasleena-and-family

കാസർകോട്: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ സമ്മാനം ഇത്തവണ ലഭിച്ചത് കാസർകോട്ടുകാരി തസ്ലീനയ്ക്ക്. 32 കോടി(1.5 കോടി ദിർഹം) രൂപയാണ് തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശിനി തസ്ലീന അഹമ്മദ് പുതിയപുരയിലിന് കിട്ടുന്നത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവർത്തിക്കുന്ന എം.ആർ.എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.

ദുബായിൽ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിർഹം ലഭിച്ചത്. സമ്മാനം ലഭിച്ച പ്രേംമോഹൻ മത്രത്തലിന് ടിക്കറ്റ് എടുത്ത ദിവസമായ ജനുവരി 26 നാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം മലയാളിയായ എൻ.വി. അബ്ദുൽ സലാമിനായിരുന്നു. സലാമാണ് ബുധനാഴ്ച നറുക്കെടുത്തത്. ഭാഗ്യം കടാക്ഷിച്ചത് വിശ്വസിക്കാൻ ഇപ്പോഴും സാധിച്ചില്ല എന്നാണ് തസ്ലീനയുടെ പ്രതികരണം. 21 വയസുള്ള മകനും, 15 വയസുള്ള മകളും ഒരു വയസുള്ള മൂന്നാമത്തെ കുട്ടിയുമായി ഖത്തറിൽ കഴിഞ്ഞുവരികയാണ് തസ്ലീന. തമിഴ് സൂപ്പർ താരം ആര്യ (ജംഷി) യുടെ സഹോദരിയാണ് ഈ ഭാഗ്യവതി. പലരും നാട്ടിൽ നിന്നു വിളിച്ച് അഭിനന്ദനം അറിയിച്ചു. തലശേരി, വടകര , കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം തസ്ലീനയുടെ ഭർത്താവ് ഗദ്ദാഫിക്കും കുടുംബത്തിനും എം.ആർ.എ ബേക്കറിയും റസ്റ്റോറന്റുമുണ്ട്. യുവതിയുടെ ബന്ധുക്കൾക്കും കാഞ്ഞങ്ങാട്ട് ഹോട്ടൽ വ്യവസായമാണ്.