വളപട്ടണം: കാർ മോഷണക്കേസിൽ പ്രതിയായ പിടികിട്ടാപ്പുള്ളി 15 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വടകര സ്വദേശി പാറക്കൽ അബ്ദുൽ കരീം ആണ് പിടിയിലായത്. 2006 ലാണ് വളപട്ടണം സ്റ്റേഷൻ പരിധിയിൽ നിന്ന് സ്‌കോർപിയോ കാർ മോഷണം പോയത്. കേസിലെ പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ മുംബയ്, തമിഴ്നാട്, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലായി ഇരുപത്തിമൂന്നോളം കേസുകൾ നിലവിലുള്ളതായി വളപട്ടണം പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസ് ഇൻസ്‌പെക്ടർ പി.ആർ മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ വടകര ടൗണിൽ നിന്നാണ് ഇയാളെ വളപട്ടണം എസ്.ഐ ഷിജു, എ.എസ്.ഐ പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.