തളിപ്പറമ്പ്: ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തിൽ തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ സാന്ത്വന സ്പർശം. തളിപ്പറമ്പ് താലൂക്ക് പരിസരത്ത് രാവിലെ ഒൻപതു മണിക്കാണ് അദാലത്ത് തുടങ്ങിയത്. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
വിവിധങ്ങളായ ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും എല്ലാവർക്കും നീതിയും സംരക്ഷണവും ഉറപ്പു വരുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഓൺലൈനായി നൽകിയ മുൻഗണനാ കാർഡുകൾ സംബന്ധിച്ച അപേക്ഷകളിൽ തീർപ്പാക്കിയവയാണ് അദാലത്തിൽ ആദ്യം പരിഗണിച്ചത്. മുൻഗണനാ കാർഡ് അനുവദിച്ച അപേക്ഷകർക്ക് മന്ത്രിമാർ വേദിയിൽ വെച്ച് റേഷൻ കാർഡുകൾ വിതരണം ചെയ്തു.
പയ്യന്നൂർ താലൂക്കിന്റെ പരാതികളാണ് ആദ്യം പരിഗണിച്ചത്. ഓൺലൈനായി അപേക്ഷ നൽകിയവർക്കു പുറമെ, നേരിട്ട് എത്തുന്നവരുടെ അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ അദാലത്ത് വേദിയിൽ ഒരുക്കിയിട്ടുണ്ട്. റേഷൻ കാർഡ്, റവന്യൂപഞ്ചായത്ത് സേവനങ്ങൾ, ചികിൽസാ സഹായം, വിദ്യാഭ്യാസ വായ്പ, പ്രവാസി പുനരധിവാസം, ബാങ്ക് വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിലെത്തിയവയിൽ കൂടുതലും. നേരത്തേ ഇരിട്ടി, തലശ്ശേരി, കണ്ണൂർ താലൂക്കുകളുടെ അദാലത്തുകൾ ഇരിട്ടിയിലും കണ്ണൂരിലുമായി നടന്നിരുന്നു.