ആലക്കോട്: ഇരിക്കൂർ മണ്ഡലത്തിൽപ്പെട്ട പാലത്തിന്റെ നിർമ്മാണോദ്ഘാടനം തന്നോട് ആലോചിക്കാതെ തീരുമാനിച്ചതിൽ കെ.സി. ജോസഫ് എം.എൽ.എ പ്രതിഷേധമറിയിച്ചതിനെത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു. ആലക്കോട് പുഴയ്ക്ക് കുറുകെ പുതുതായി നിർമ്മിക്കുന്ന കോൺക്രീറ്റ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് അവസാന നിമിഷം മാറ്റിവച്ചത്.

നിയോജക മണ്ഡലത്തിൽപ്പെട്ട ഈ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എയും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്‌പോര് തുടരുന്നതിനിടെയാണ് ഉദ്ഘാടനം സംബന്ധിച്ച് വിവാദം ഉയർന്നിട്ടുള്ളത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്നത്. വിവാദത്തെ തുടർന്ന് നിർമ്മാണം നീണ്ടുപോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ .