
കണ്ണൂർ:മിനിമം വേതനം ഉൾപ്പെടെ നിയമപരമായി ലഭിക്കേണ്ട ആനൂകൂല്യങ്ങൾ നൽകാതെ പുറത്തുനിർത്തിയ ജീവനക്കാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർ വീണ്ടും സമരത്തിന്.നിലവിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരെ മാറ്റി നിർത്തി സർക്കാർ പ്രത്യേകം നിയോഗിച്ച ആരോഗ്യപ്രവർത്തകരുടെ സംഘങ്ങളാണ് കൊവിഡ് ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ നവംബർ 30 ന് സർക്കാർ കൊവിഡ് ചികിത്സാ കേന്ദ്രം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിനായി മാനേജ്മെന്റിന് വിട്ടുകൊടുത്തിരുന്നു.
എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും മുഴുവൻ തൊഴിലാളികളെയും മാനേജ്മെന്റ് തിരികെ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് മഹാമാരിയെ തുടർന്ന് എല്ലാ സമരങ്ങളും താത്ക്കാലികമായി മാറ്രിവെയ്ക്കണമെന്നും തൊഴിലാളികൾക്ക് നിലവിൽ നൽകി വരുന്ന ശമ്പളവും മറ്രെല്ലാ ആനുകൂല്യങ്ങളും മുടക്കമില്ലാതെ അനുവദിക്കണമെന്നും ലേബർ കമ്മിഷൻ നിർദേശിച്ചിരുന്നു.ഇതെ തുടർന്ന് പ്രശ്നം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ആശുപത്രിയെ കൊവിഡ് സെന്ററായി മാറ്രിയത്.അന്ന് മുതൽ ജീവനക്കാർ ആശുപത്രിക്ക് പുറത്താണ്.സമരത്തിലേർപ്പെട്ട 28 വനിതകളടക്കമുള്ള 57 തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.
സമരത്തിലും പരിഹാരമില്ല
മിനിമം വേജ് ഉൾപ്പെടയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് 2013 ൽ 58 ദിവസവും 2016 ൽ 60 ദിവസവും
2020 ഫെബ്രുവരി 11 മുതൽ മാർച്ച് 27 വരെയും കാനന്നൂർ ഡിസിട്രിക്ട് പ്രൈവറ്റ് പോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂനിയന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടത്തിയിരുന്നു.പിന്നീട് കൊവിഡ് പ്രോട്ടോകാളിനെ തുടർന്നാണ് സമരം താത്ക്കാലികമായി നർത്തിവച്ചത്. എന്നാൽ ദുരിതത്തിലായ ജീവനക്കാർക്ക് നിലവിൽ തൊഴിൽ തന്നെ നഷ്ടപ്പെടുകയാണ്.മാനേജ്മെന്റ് നടപടിക്കെതിരെ ഇന്നലെ സംഘടനയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി.
തുടക്കം മുതൽ തന്നെ വലിയ അവഗണനയാണ് മാനേജ്മെന്റ് തൊഴിലാളികളോട് കാണിക്കുന്നത്.തൊഴിലാളികളുടെ വിഷയത്തിൽ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെങ്കിലും നടപ്പിൽ വരുന്നില്ല.ഇൗ സാഹചര്യത്തിലാണ് വീണ്ടും ഒരു സമരത്തിലേക്ക് കടക്കേണ്ടി വന്നത്.
വി.വി.ബാലൻ ,ജില്ലാ സെക്രട്ടറി ,കാനന്നൂർ ഡിസിട്രിക്ട് പ്രൈവറ്റ് പോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ