
ചരിത്രത്തിൽ വല്ലപ്പോഴുമായി ചില അദ്ഭുത പ്രതിഭാസങ്ങളുണ്ടാകാറുണ്ട്. അത്തരം പ്രതിഭാസമായിരുന്നു 'കേരളകൗമുദി' സ്ഥാപകനായ സി.വി.കുഞ്ഞുരാമൻ.സി.വി ഒരേ കാലത്തു തന്നെ പലതുമായിരുന്നു. വിശ്വസിക്കാൻ പ്രയാസമുണ്ടാകും- നമ്മെപ്പോലുള്ള ചെറിയ മനുഷ്യരുടെ അളവുകോലുകൾ വച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും. പക്ഷേ വിശ്വസിച്ചേ പറ്റൂ. അദ്ദേഹം ഒരേ കാലത്ത് ഒന്നിലധികം പത്രങ്ങളിൽ പ്രവർത്തിച്ചു. അവയിൽ സ്തുത്യർഹങ്ങളായ മുഖപ്രസംഗങ്ങൾ എഴുതി. ഈ സമയത്തു തന്നെ സാഹിത്യത്തിലും വ്യാപരിച്ചു. മികച്ച കവിതകളും നോവലുകളും വിമർശനങ്ങളും നമുക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് അദ്ദേഹം എഴുതിയതെങ്കിലും ആ ഭാഷയുടെ ഗരിമയും ഊർജ്ജവും ഇന്നും അദ്ഭുതാവഹം തന്നെ. അദ്ദേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ വിഖ്യാത എഴുത്തുകാർ പോലും നിഷ്പ്രഭരായിപ്പോകും. എന്റെ സാഹിത്യ ജീവിതത്തിൽ എനിക്കു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളിൽ ഏറെ അഭിമാനത്തോടെ ഞാൻ ഓർമ്മിക്കുന്ന ഒന്ന് അദ്ദേഹത്തിന്റെ പേരിൽ കിട്ടിയതാണ്. എനിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാരവാഹികൾ തിരുവനന്തപുരത്തു നിന്ന് എന്റെ കണ്ണൂരിലെ വീട്ടിൽ വന്നാണ് ഇത് സമർപ്പിച്ചത് എന്ന കാര്യം നന്ദിപൂർവം സ്മരിക്കുന്നു.