bhandari
സതീഷ് ചന്ദ്ര ഭണ്ഡാരി

കാസർകോട്: 'ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വീണ്ടും മഞ്ചേശ്വരം മണ്ഡലത്തിൽ ജനവിധി തേടാനെത്താം. എന്നാൽ മണ്ഡലത്തിന് പുറത്തുനിന്ന് മറ്റാരുംമത്സരിക്കാൻ ഇങ്ങോട്ട് വരേണ്ട..' മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് 'കേരള കൗമുദി' യോട് സംസാരിക്കുമ്പോഴാണ് ബി ജെ പി ഉത്തരമേഖലാ വൈസ് പ്രസിഡന്റും തലമുതിർന്ന ബി ജെ പി നേതാവുമായ സതീഷ്ചന്ദ്ര ഭണ്ഡാരിയുടെ തുറന്നടിക്കൽ.

'25 വർഷമായി മഞ്ചേശ്വരം മണ്ഡലത്തിലുള്ള ഒരു സ്ഥാനാർത്ഥി ബി.ജെ.പിക്കായി മത്സരിച്ചിട്ട് .വലിയ നേതാക്കൾ ഈ അതിർത്തിമണ്ഡലത്തിൽ വന്ന് തോറ്റുമടങ്ങുന്നത് അവർക്കും ഒരു കുറച്ചിലല്ലേയെന്നും ഭണ്ഡാരി ചോദിക്കുന്നു. എത്ര വലിയ നേതാക്കൾ മഞ്ചേശ്വരത്ത് വന്ന് മത്സരിച്ച് തോറ്റുമടങ്ങി.ഇത്തവണ മണ്ഡലത്തിലുള്ളവർ തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് 80 ശതമാനം പ്രവർത്തകരുടെയും വികാരം. വോട്ട് പിടിക്കാൻ കഴിവുള്ള ആരുമാകാം. പക്ഷെ, അത് മണ്ഡലക്കാർ തന്നെ വേണം- ചന്ദ്ര ഭണ്ഡാരി പറയുന്നു.

മണ്ഡലത്തിൽ നല്ല കഴിവുള്ള നേതാക്കളുണ്ട്. ഇവരിൽ ആരെയും പാർട്ടിക്ക് പരിഗണിക്കാം. ജാതിയും മതവും പ്രാദേശിക പ്രശ്നങ്ങളും വലിയാരളവോളം പരിഗണിക്കുന്ന വോട്ടർമാരാണ് മണ്ഡലത്തിൽ ഏറെയും. 1996 ൽ ബാലകൃഷ്ണ ഷെട്ടി മത്സരിച്ചതാണ്. ഞങ്ങൾ ഇതുവരെ വിട്ടുകൊടുത്തു.തോറ്റിട്ട് പോകുന്നവർ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.തോറ്റെങ്കിലും മണ്ഡലത്തിലെ വോട്ടർമാർ ആ മുഖം കാണണ്ടേ .. ഇലക്ഷൻ സമയത്ത് വോട്ട് ചോദിയ്ക്കാൻ പോകുമ്പോഴും വോട്ടർമാർ നിങ്ങളെന്തിന് പുറത്തുനിന്ന് ആളെ കൊണ്ടുവരുന്നു എന്ന് ചോദിക്കുമ്പോൾ ഞങ്ങൾക്ക് ഉത്തരമില്ലാതാകുന്നു. ഒരുതവണ സ്ഥാനാർത്ഥിയുടെ കൂടെ പോയപ്പോഴും ചോദിച്ചിരുന്നു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം എന്ന് പറഞ്ഞാണ് അന്ന് മുഖം രക്ഷിച്ചത്.

സുരേന്ദ്രൻ ആകാം

89 വോട്ടിന് തോറ്റ കെ. സുരേന്ദ്രന് ഇനിയും അവസരം കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ബി. ജെ. പി വരുന്നത് തടയാൻ നേരത്തെ സി. എച്ച് .കുഞ്ഞമ്പുവിന് ലീഗുകാർ വോട്ട് ചെയ്തിരുന്നു. ആ വോട്ട് മുഴുവൻ തിരിച്ചു പോയതാണ് ഉപതിരഞ്ഞെടുപ്പിൽ യു .ഡി .എഫിന് വോട്ട് വർധിച്ചതെന്നും ഭണ്ഡാരി പറയുന്നു.