പയ്യന്നൂർ: പെരിങ്ങോം ഗവ. കോളേജിന് വേണ്ടി ഒന്നാം ഘട്ടമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 7 ന് രാവിലെ 10.30 ന് മന്ത്രി കെ.ടി.ജലീൽ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കുമെന്ന് സി. കൃഷ്ണൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ ലോഗോ പ്രകാശനം ചെയ്യും.
മലയോര കുടിയേറ്റ മേഖലയിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2014ൽ ആണ് പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്തിൽ ഗവ. കോളേജ് ആരംഭിച്ചത്. കെ.എഫ്. വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ സൗജന്യമായി വിട്ട് നൽകിയ ഓഡിറ്റോറിയത്തിലായിരുന്നു താൽക്കാലികമായി കോളേജ് പ്രവർത്തിച്ച് വന്നത്. തുടർന്ന് കോളേജിനായി, റസ്റ്റ്ഹൗസിന് സമീപം പരേതനായ പങ്ങിച്ചൻ പുരയിൽ കൃഷ്ണന്റെ മക്കൾ സൗജന്യമായി നൽകിയ എട്ട് ഏക്കർ സ്ഥലത്ത് സി. കൃഷ്ണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ ചെലവിലാണ് ആദ്യഘട്ട കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും സംഭാവനയായി ലഭിച്ച 80 ലക്ഷം രൂപ, പ്ലാൻ ഫണ്ടിൽ നിന്ന് ലഭിച്ച 31 ലക്ഷം രൂപ തുടങ്ങിയ ചെലവഴിച്ച് താൽക്കാലിക ക്ലാസ് മുറികളും വൈദ്യുതീകരണ പ്രവൃത്തികളും ജല ലഭ്യതക്കായി കിണറും ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഓഡിറ്റോറിയം, ഓപ്പൺ തീയേറ്റർ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 9.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ: പി.പി. ജയകുമാർ, പി. രവീന്ദ്രൻ, കെ.വി. വിനോദ്കുമാർ, വി. രമേശൻ തുടങ്ങിയവരും സംബന്ധിച്ചു.