കാസർകോട്: കർണാടകയിൽ നിന്ന് ഇന്നോവ കാറിൽ കാസർകോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആദൂർ, ബേഡകം, ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ അന്വേഷണത്തിനിടെയാണ് സംഘം വീര്യമേറിയ മയക്കുമരുന്നുമായി പിടിയിലായത്.
ഉളിയത്തടുക്കയിലെ ജാബിർ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്റ്റിലായത്. ബേക്കൽ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫ്ളയിംഗ് സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ പെർള ഭാഗത്ത് നിന്ന് നെല്ലിക്കട്ട ഊടുവഴിയിലൂടെ എത്തിയ ഇന്നോവ കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. ബദിയടുക്ക മുകളിലെ ബസാറിൽ പൊലീസ് വാഹനം കുറുകെ ഇട്ട് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഉളിയത്തടുക്കയിലെ ജാബിറിനെതിരെ കാസർകോട്ട് മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.