കാസർകോട്: കർണാടക സ്വദേശികളായ സ്വർണ്ണ ഏജന്റുമാരെ കാറിൽ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി. ബണ്ട്വാൾ പിണ്ടിക്കൈ ഹൗസ് അരിങ്കനയിലെ അബ്ദുൽ അസീസ് (27), ബണ്ട്വാൾ അരിങ്കന മോണ്ടുഗോളി ഹൗസിലെ റഊഫ് (26), മോണ്ടുഗോളി കൈരങ്കള ഗൗസിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഇക്ബാൽ (27), റിസ്വാൻ (27), രഞ്ജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.
തലപ്പാടി കെ.സി റോഡിലെ അബ്ദുൽറഹ്മാൻ, ബണ്ട്വാളിലെ നാസർ എന്നിവരെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഏഴുപ്രതികൾ അറസ്റ്റിലായി.
ഡിസംബർ പത്തിന് കാസർകോട്ടെ ജുവലറികളിൽ നിന്ന് പഴയ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ വരികയായിരുന്ന മഹേഷ്, അവിനാഷ് എന്നിവരെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് റോഡിൽ വെച്ച് രണ്ടുകാറുകളിലായി എത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പണം കർണാടകയിൽ നിന്ന് കടന്നു
ഒന്നും രണ്ടും പ്രതികളായ തലപ്പാടി കെ.സി റോഡ് കൊമ്മങ്കളയിലെ സഹോദരങ്ങൾ പണവുമായി കർണാടക സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. ഷൈൻ, എസ്.ഐ. രാഘവൻ, അഡീ. എസ്.ഐ ബാലേന്ദ്രൻ, സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, സതീഷ്, പ്രവീൺ, ഡ്രൈവർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.