കണ്ണൂർ: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമ്മിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളർത്തൽ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു.
1.5 കോടി രൂപ ചെലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 1. 68 ഏക്കറിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നിർമ്മിച്ചത്. ഇതിന്റെ രണ്ട് നിലകൾ പൂർണമായും പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. രണ്ട് നിലകളിലായാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ എഡിസി പ്രൊജക്ട് ഓഫീസ്, സ്റ്റോർ എന്നിവയും ഒന്നാമത്തെ നിലയിൽ മിനി കോൺഫറൻസ് ഹാൾ സൗകര്യവും ഉണ്ട്.
മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷനായി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് ബോബു എളയാവൂർ, ഷാഹിന മൊയ്തീൻ, കൗൺസിലർ അഡ്വ. പി.കെ അൻവർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എം.പി ഗിരീഷ് ബാബു, മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. വിന്നി ജോസഫ് എന്നിവർ പങ്കെടുത്തു.