
കണ്ണൂർ: കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള കാപ്പാട് പെരിങ്ങളായി നീർത്തട മണ്ണ് ജല സംരക്ഷണ പദ്ധതി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് നബാർഡ് ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാപ്പാട് -പെരിങ്ങളായി, കൂടത്തുംതാഴെ -തയ്യിൽ, മുണ്ടയാട് -പടന്ന, തിലാന്നൂർ-ആദികടലായി എന്നിങ്ങനെ നാല് നദീതടങ്ങൾ ചേർന്നാണ് കനാമ്പുഴ നദീതടം രൂപപ്പെട്ടിരിക്കുന്നത്. ഏറ്റവും മുകൾ ഭാഗത്തുള്ള ആദ്യ കൈവഴിയുടെ നീർത്തടമാണ് കാപ്പാട് പെരിങ്ങളായി നീർത്തടം. ഇതിനാലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിനായി ഇവിടം തിരഞ്ഞെടുത്തത്.
ചിലവ് 1.81 കോടി
പദ്ധതിപ്രദേശം 897.90 ഹെക്ടർ
കോർപറേഷനിലെ അഞ്ചുവാർഡുകൾ
കണ്ണൂർ കോർപറേഷനിലെ 17, 18, 19, 20, 30 ഡിവിഷനുകളുടെ ഭാഗമായുള്ള 897.90 ഹെക്ടർ പ്രദേശമാണ് ഈ നീർത്തടത്തിൽ ഉൾപ്പെടുന്നത്. മണ്ണ് ജല സംരക്ഷണവുമായി ബന്ധപ്പെട്ട 26 ഇനം പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 1.12 കോടി രൂപയുടെ വ്യക്തിഗത ആനുകൂല്യ പ്രവൃത്തികളും 53 ലക്ഷം രൂപയുടെ പൊതുപ്രവൃത്തികളും ആണ് 897.90 ഹെക്ടർ സ്ഥലത്തായി നടപ്പാക്കുക.പദ്ധതി പ്രദേശത്ത് ഭൂമിയുള്ള ആർക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. ഇതിനായി നിശ്ചിത ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ചാൽ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിച്ച് ഏതൊക്കെ പ്രവൃത്തികൾ ചെയ്യാൻ കഴിയും എന്ന് നിർദ്ദേശിക്കും. അതനുസരിച്ചുള്ള പ്രവൃത്തി അനുമതി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ നൽകും. പ്രവൃത്തി ഓവർസീയർ അളവെടുത്ത് മണ്ണ് സംരക്ഷണ ഓഫീസർ പാസാക്കി അളവിനനുസൃതമായ തുക ഗുണഭോക്താവിന് അനുവദിക്കുകയും ചെയ്യും.
പദ്ധതികൾ
വീടുകളിൽ കിണർ റീ ചാർജ്ജിംഗ് സംവിധാനം
പറമ്പുകളിൽ മണ്ണ് ജല സംരക്ഷണ പ്രവൃത്തി
തോടുകളുടെ സംരക്ഷണ പ്രവൃത്തി
കുളങ്ങൾ, തടയണകൾ