meen
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ദിനിലിന്റെ കൂട് മത്സ്യകൃഷി വിളവെടുപ്പിനെത്തിയപ്പോൾ

തലശ്ശേരി: മാരകമായ രാസവസ്തുക്കൾ ചേർത്ത പഴകിയ മീനുകൾക്ക് പകരം കൂടകളിൽ വളർത്തിയ ശുദ്ധമായ പുഴമീനുകൾ നൽകുന്നതിലൂടെ നാടിന്റെ ആരോഗ്യത്തിന് കാവൽ നിൽക്കുകയാണ് ദിനിൽ പ്രസാദ് എന്ന വിമുക്തഭടൻ.

പാറപ്രത്തെ എം.പ്രസാദിന്റെയും പി.എം.അനിതയുടെയും മകനായ ദിനിൽ വിരമിച്ച ശേഷം പുഴമീൻകൃഷി സീരിയസായി എടുക്കുകയായിരുന്നു.

അഞ്ചരക്കണ്ടി പുഴയിലാണ് ദിനിലിന്റെ പുഴമീൻ ഫാം. പ്രളയത്തിൽ കൂട് തകർന്ന് വലിയ നഷ്ടമുണ്ടായെങ്കിലും ആത്മവിശ്വാസം കൈവിടാതെ വീണ്ടും കൃഷിയിറക്കുകയായിരുന്നു. വിളവെടുപ്പിന് തയ്യാറായപ്പോഴാണ് ജീവനുള്ള മത്സ്യവിൽപ്പനയെന്ന ആശയമുദിച്ചത്.

പാറപ്രം ബോട്ട്ജട്ടിക്ക് സമീപം അഞ്ചരക്കണ്ടി പുഴയുടെ നടുവിൽ പ്രത്യേക രീതിയിലുള്ള കൂടൊരുക്കിയായിരുന്നു മീനിനെയിട്ടത്.നെയ്തൽ അക്വാ ഫാം എന്ന് പേരിട്ട സംരംഭത്തിൽ കരിമീനും കാളാഞ്ചിയുമാണ് പ്രധാനമായുമുള്ളത്.നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ്, സെൻട്രൽമെറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാങ്കേതികസഹായവും സംരംഭത്തിന് ലഭിച്ചു. സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സാങ്കേതിക സഹായവുമുണ്ടായി. ജില്ലയിൽ ഇഷ്ടം പോലെ കൂട് കൃഷി ഉണ്ടെങ്കിലും കേന്ദ്ര– സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ, ആദ്യമായി ജില്ലയിൽ കൂട് കൃഷി ആരംഭിച്ചത് ദിനിലായിരുന്നു. പുഴകളിൽത്തന്നെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൂടുകളിൽ നിക്ഷേപിച്ച് പരിപാലിക്കുന്നതിനാൽ, കൃത്രിമമല്ലാത്ത സാധാരണ പുഴമത്സ്യങ്ങളെത്തന്നെയാണ് ആവശ്യക്കാരന് ലഭിക്കുന്നത്. വളർച്ചയെത്തിയ മീനുകൾക്കൊപ്പം മീൻ കുഞ്ഞുങ്ങളെയും വിൽക്കുന്നുണ്ട്. നൂറുകണക്കിന് മത്സ്യക്കർഷകർ വിത്തുകൾക്കു വേണ്ടി ദിനിലിനെ സമീപിക്കുന്നുണ്ട്. ഇപ്പോൾ കൂട് നിർമ്മിച്ചുനൽകാനും ദിനിൽ സമയം കണ്ടെത്തുന്നു.