mariyakkutty

കൊലപ്പെടുത്തിയത് വാതിൽപ്പടിയിൽ തലയിടിപ്പിച്ച്

ഇരിട്ടി: കരിക്കോട്ടക്കരി 18 ഏക്കറിൽ 82 കാരിയായ കായംമാക്കൽ മറിയക്കുട്ടിയുടെ മരണം കൊലപാതകമെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറിയക്കുട്ടിയുടെ മൂത്തമകൻ മാത്യുവിന്റെ ഭാര്യ എൽസിയെ (54) കരിക്കോട്ടക്കരി സി.ഐ. ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് മറിയക്കുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മറിയക്കുട്ടിയെ എൽസി ബലമായി വാതിൽ പടിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
മറിയക്കുട്ടിയും എൽസിയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടാപ്പിംഗ് തൊഴിലാളിയായ മാത്യു പുലർച്ചെ ജോലിക്ക് പോയാൽ രാത്രിയിലാണ് തിരിച്ചെത്തുന്നത്. ഊന്നുവടിയിൽ മാത്രം നടക്കാൻ ശേഷിയുള്ള മറിയക്കുട്ടി സംഭവദിവസം ഉച്ചയ്ക്ക് വീട്ടിന്റെ ഹാളിൽ വാതിൽപ്പടിയോട് ചേർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കം മുറുകിയതോടെ മറിയക്കുട്ടിയെ എൽസി തള്ളി താഴെയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഴ്ചക്കിടയിൽ തല ചുമരിലിടിച്ച് മുറിവ് പറ്റി. സംഭവം പുറത്തറിയുമെന്ന പേടിയിൽ മറിയക്കുട്ടിയെ എഴുന്നേൽക്കാൻ അനുവദിക്കാതെ തല വാതിൽപടിയിൽ ബലമായി ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്.

വൈകിട്ട് ആറരയോടെ വീട്ടിലേക്ക് വിളിച്ച മാത്യുവിനോട് അമ്മയ്ക്ക് വീണ് ചെറിയ പരിക്കുപറ്റിയിട്ടുണ്ടെന്നാണ് എൽസി പറഞ്ഞത്. മാത്യു വീട്ടിലെത്തുമ്പോഴേക്കും മറിയക്കുട്ടി മരിച്ചിരുന്നു. താൻ പറമ്പിൽ ചക്ക പറിക്കാൻ പോയ സമയത്ത് അമ്മ അബദ്ധത്തിൽ വീണ് മുറിവേറ്റുവെന്നാണ് എൽസി അയൽപക്കക്കാരോടും ഭർത്താവിനോടും പറഞ്ഞത്. സ്ഥലത്തെത്തിയ പൊലീസും, എൽസി പറഞ്ഞത് ആദ്യം വിശ്വാസത്തിലെടുത്തു. എന്നാൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ പൊലീസ് മൃതദേഹം വിശദപരിശോധനയ്ക്ക് വിധേയമാക്കി.

elsi

ഫോറസിക് പരിശോധനയിൽ തലയുടെ പല ഭാഗങ്ങളിലും ചതവും മുറിവും കണ്ടെത്തിയതോടെ അന്വേഷണസംഘം എൽസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മറിയക്കുട്ടി വീണ വിവരം അപ്പോൾ തന്നെ അയൽവാസികളെ അറിയിച്ചിരുന്നുവെന്ന മൊഴി കള്ളമാണെന്നും അന്വേഷണസംഘം കണ്ടെത്തി. ചോദ്യം ചെയ്യലിൽ താൻ മറിയക്കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് എൽസി സമ്മതിക്കുകയായിരുന്നു.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ എൽസിയെ റിമാൻഡ് ചെയ്തു. മറിയക്കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കരിക്കോട്ടക്കരി പള്ളിയിൽ സംസ്‌ക്കരിച്ചു.