ചെറുവത്തൂർ: പഴയ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്ന സർക്കാർ ഗസറ്റ് വിജ്ഞാപനം കാരണം ചങ്കിടിപ്പ് വർദ്ധിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാർക്ക്. ഇവർക്ക് അഞ്ചു മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് പൂർണ്ണമായും റദ്ദാക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം.
15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ ജനുവരി ഒന്നു മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ലെന്നാണ് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്തണമെങ്കിൽ ഡീസലിന് പകരം ഇലക്ട്രിക്കൽ എനർജി, എൽ.പി.ജി, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിൽ ഏതെങ്കിലും ഇന്ധനത്തിലേക്ക് മാറണമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.
ഇതിനെതിരായി സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ സമരപരിപാടികളുമായി രംഗത്തുവന്നതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്. സർക്കാർ വിജ്ഞാപനം കാരണം ഡിസംബർ, ജനുവരി മാസങ്ങളിൽ വൻതുക ചിലവഴിച്ചു അറ്റകുറ്റ പണിയെടുപ്പിച്ചു ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഹാജരാക്കിയ നിരവധി ഓട്ടോറിക്ഷകൾക്ക് ഫിറ്റ്നസ് നൽകാതെ മോട്ടോർ വാഹന വകുപ്പ് അധികാരികൾ തിരിച്ചയച്ചിരുന്നു.
ജീവിതം വഴിമുട്ടും
ഡീസൽ ഓട്ടോറിക്ഷകൾ ഒഴിവാക്കുന്ന സാഹചര്യം വന്നാൽ പുതിയ വാഹനം സ്വന്തമാക്കുന്ന കാര്യം ഓർക്കാൻ കൂടി കഴിയാത്ത ആയിരകണക്കിന് ഡ്രൈവർമാരുണ്ട്. ഇവരിൽ അധികവും ഓട്ടോ ഓടിച്ചു അന്നന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്നവരാണ്. പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിന് രണ്ടര, മൂന്ന് ലക്ഷം രൂപ കണ്ടെത്തണം. കൊവിഡ് സാഹചര്യം കാരണം പണി കുറഞ്ഞതിനാൽ വായ്പയെടുത്ത് ഓട്ടോ വാങ്ങിയാൽ തിരിച്ചടവ് നടത്തുക എളുപ്പവുമല്ല.
ഇളവുകൊണ്ട് കാര്യമില്ല. നിയമം പൂർണ്ണമായും പിൻവലിക്കണം. തൊഴിൽ മേഖല പൂർണ്ണമായും ഇല്ലാതാകും. സെക്കൻഡ് ഹാൻഡ് ഡീസൽ വണ്ടി എടുത്ത് ഓടുന്നവരാണ് ഭൂരിഭാഗവും. കൊവിഡ് കാരണം പൊതുവിൽ പണി കുറവാണ്. പഴയ വണ്ടികൾ അധികവും ലോണില്ലാത്ത വണ്ടികളാണ്. കൊള്ളപലിശക്ക് വായ്പയെടുത്തു പുതിയ ഓട്ടോ വാങ്ങിക്കുക സാധ്യമല്ല. നിയമം വന്നാൽ എത്രയോ ഡ്രൈവർമാരുടെ ജീവിതം താളം തെറ്റും.
കെ.ടി ലോഹിതാക്ഷൻ
സെക്രട്ടറി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടിയു) ചെറുവത്തൂർ ഏരിയ കമ്മിറ്റി
ജൂൺ മാസം വരെ ബുദ്ധിമുട്ടില്ലാതെ ഡീസൽ ഓട്ടോറിക്ഷകൾ ഓടാം. തൊഴിലാളികളുടെ പ്രയാസങ്ങൾ കണക്കിലെടുത്താണ് സർക്കാർ തത്കാലം ഇളവ് നൽകിയത്. എന്നാൽ ഈ ഇളവ് ശാശ്വതമാണെന്ന് പറയാൻ വയ്യ. വാണിജ്യവാഹനങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം കർശനമാക്കിയാൽ നിയമം നടപ്പിലാക്കേണ്ടിവരും.
ടി.എം ജെർസൺ
( ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് , കാസർകോട് )