gail

കണ്ണൂർ: ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന പല സ്ഥലങ്ങളിലും ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകാതെ അധികൃതർ. നിലവിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭൂമി സ്ഥല ഉടമകളിൽ നിന്നും രജിസ്റ്രർ ചെയ്തു വാങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചാൽ പോലും നിയമപരമായി നഷ്ടപരിഹാരം ലഭിക്കുകയില്ല. ഈ സ്ഥലം വിൽക്കാമെന്ന് കരുതിയാൽ പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലമായതിനാൽ വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പണിയാൻ സാധിക്കാത്തതിനാൽ ആരും വാങ്ങുകയുമില്ല.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലുൾപ്പെടെ സ്ഥലത്തിന്റെ പണം ലഭിക്കാത്തത്തിനെ തുടർന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നും ഉയരുന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിനൊപ്പം തലശ്ശേരി താലൂക്കിലെ ഒരാൾക്ക് പോലും സ്ഥലം വിട്ടുകൊടുത്തിട്ട് പണം ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. തെങ്ങ്, കവുങ്ങ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾക്കു മാത്രമാണ് തുച്ഛമായ പാരിതോഷികം നൽകിയിട്ടുള്ളത്. അധികൃതരുടെ ഈ നടപടി കർഷകർക്കും മറ്റും വലിയ തിരിച്ചടിയാവുകയാണ്.

സ്ഥലം അളക്കുന്നുമില്ല

പണം നൽകാത്തതിനു പുറമെ സ്ഥലം അളക്കാൻ പോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സ്ഥലം അളന്നു നൽകാത്തിനെ തുടർന്ന് കൃത്യമായ അതിർത്തി ഏതാണെന്ന് മനസ്സിലാക്കാനോ പ്ലോട്ടുകളായി തിരിച്ച് ചെറിയ തോതിൽ കാർഷക വിളകൾ നടുവാനോ ഉടമകൾക്ക് കഴിയുന്നില്ല. എന്നാൽ തളിപ്പറമ്പ് കീഴാറ്റൂരിൽ സ്ഥലം രേഖാ മൂലം എഴുതി വാങ്ങി പാരിതോഷികവും നൽകിയിട്ടുണ്ട്.

20 മീറ്ററിൽ ഗെയിൽ നിയന്ത്രണം വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വീണ്ടും രണ്ടാമത് അളന്ന് വിസ്തീർണം കണക്കാക്കി വേണം പട്ടിക തയ്യാറാക്കാൻ. തലശ്ശേരിയിൽ അഞ്ചരക്കണ്ടി ഭാഗത്ത് ചെക്ക് കൊടുത്തു തുടങ്ങിയിട്ടുണ്ട്. എരുവട്ടി പഞ്ചായത്ത് വരെയുള്ളവർക്ക് നഷ്ടപരിഹാരം നൽകാനാവശ്യമായ ഡോക്യുമെന്റ് കളക്ഷൻ ഉടൻ ആരംഭിക്കും. മൊകേരി, പാട്യം, പാനൂർ എന്നിവിടങ്ങളിലാണ് നൽകാൻ ബാക്കിയുള്ളത്. സ്ഥലം സന്ദർശിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. മാർച്ച്, ഏപ്രിൽ മാസത്തോടെ തുക കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കെ.വി.അനിൽ കുമാർ, മാനേജർ കൺസ്ട്രക്ഷൻ,ഗെയിൽ