നീലേശ്വരം: നഗരത്തിലെ സി.സി ടി.വി കാമറകൾ അറ്റകുറ്റപ്രവൃത്തി നടന്നുവരികയാണെന്നും വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അറിയിച്ചു. കൗൺസിലർ ഇടക്കാവിൽ റഫീക്കാണ് സി.സി ടി.വി കാമറകൾ പ്രവർത്തിക്കാത്തത് സംബന്ധിച്ച വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. യോഗത്തിൽ അജണ്ടയിലുൾപ്പെടാത്ത വിഷയം ചർച്ചയിൽ ഉയർന്നുവരികയായിരുന്നു.
തീരദേശ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടി വരികയാണെന്ന് വി. വിനു പറഞ്ഞു. കൗൺസിലർ ഹംസുദ്ദീൻ അരിഞ്ചിറയും യോജിച്ചു.നഗരസഭയുടെ അധീനതയിൽ പ്രവർത്തിക്കുന്ന പാലായി റോഡിലുള്ള ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത പ്രമേയം അവതരിപ്പിച്ചു. മുല്ലപ്പള്ളിയിൽ റെയിൽവേ മേല്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ പി. ഭാർഗ്ഗവിയും പ്രമേയം അവതരിപ്പിക്കുകയുണ്ടായി. രണ്ട് പ്രമേയവും യോഗം അംഗീകരിച്ചു.