തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയും തീരങ്ങളിലെ മറ്റു മനോഹര കാഴ്ചകളും ഇനി പുഴയിൽ കറങ്ങി കാണാം. പറശിനിക്കടവ് കേന്ദ്രമായി പ്രവൃത്തിക്കുന്ന നന്മ ടൂറിസം ബോട്ട് ക്ലബിന്റെ കണ്ണൂർ ജലറാണി ലക്ഷ്വറി ഹൗസ്‌ബോട്ട് ഇന്ന് നീറ്റിലിറങ്ങും. ക്ലബിന്റെ പുതുവത്സര സമ്മാനമെന്ന നിലയിലാണ് ബോട്ട് നീറ്റിലിറക്കുന്നത്.
പറശിനി ബോട്ട് ടെർമിനലിൽ രാവിലെ 9.30ന് ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിക്കും.
100 അടി നീളത്തിലും 18 അടി വീതിയിലുമാണ് ബോട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 96 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശീതീകരിച്ച മാസ്റ്റർ ബെഡ്റൂം, വിശാലമായ കോൺഫറൻസ് ഹാൾ, ലൈറ്റിംഗ് സംവിധാനം, പുതിയ കാലത്തിന് അനുയോജ്യമായ സൗണ്ട് സിസ്റ്റം, വിശാലമായ അടുക്കള, നാടൻ ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ജലറാണിയിൽ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് കുളിക്കാനും മത്സ്യം പിടിക്കാനും സൗകര്യമുണ്ട്. വിവാഹം, വിവാഹ നിശ്ചയം, വിവാഹ വാർഷികം, ബർത്ത്‌ഡേ പാർട്ടി, കുടുംബസംഗമം, ഡി.ജെ പാർട്ടി, സഹപാഠി സംഗമം തുടങ്ങിയ പരിപാടികൾ നടത്താനും അനുയോജ്യമാണ് ബോട്ട്.
നന്മ ടൂറിസം ക്ലബിന്റെ പ്രഥമ സംരംഭമാണിത്. പറശിനിക്കടവിൽ നിന്നാരംഭിച്ച് മയ്യിൽ വരെയും തിരിച്ച് പറശിനി വഴി വളപട്ടണം പുഴ വഴിയുമാണ് ബോട്ടിന്റെ സഞ്ചാരപാഥം. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ സ്‌കീമിൽ ഉൾപ്പെടുത്തി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി ആരംഭിച്ച മലനാട് ക്രൂയിസ് ടൂറിസം ക്ലബിന്റെ പുതിയ സംരംഭമാണിതെന്ന് ജലറാണിയുടെ
മാനേജിംഗ് പാർട്ണർ കെ.വി. സുനിൽ, പാർട്ണർമാരായ രാജേഷ് ചാലാട്, കെ. സത്യൻ, കെ.വി. ബിജു, കെ. രൂപേഷ്, പി.പി.നൗഷാദ് എന്നിവർ അറിയിച്ചു
ടൂറിസത്തിൽ പുതിയ ചരിത്രം കുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പറശിനിക്കടവ് കേന്ദ്രമാക്കി ഇത്തരമൊരു സംരംഭം തുടങ്ങുന്നത്. കൊവിഡിനെ തുടർന്ന് തകർന്ന ടൂറിസം മേഖലയ്ക്ക് പുതുജീവൻ പകരാൻ ഹൗസ് ബോട്ട് ടൂറിസത്തിന് കഴിയും.
കെ.വി. സുനിൽ, മാനേജിംഗ് ഡയറക്ടർ