കൂത്തുപറമ്പ്: കണ്ണവത്ത് പൊലീസ് നടത്തിയ റെയ്ഡിൽ വൻ ആയുധശേഖരം പിടികൂടി. ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആറ് വടിവാളുകളും ഒരു സ്റ്റീൽ ബോംബും കണ്ടെത്തിയത്.

രണ്ട് വർഷത്തോളമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ടെമ്പോ ട്രാവലറിൽ നിന്നാണ് വടിവാളുകൾ കണ്ടെത്തിയത്. സമീപത്തെ ഓവുചാലിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ബോംബ് നിർമ്മിക്കാനാവശ്യമായ കണ്ടെയ്നറുകളും സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്ന് കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ സുധീറിന്റെ നേതൃത്വത്തിൽ ബോംബു സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ സംയുക്തമായി നടത്തിയ തിരിച്ചലിലാണ് ആയുധശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.