pattayam
പട്ടയം വാങ്ങിയവർ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ കൂടെ

കാസർകോട്: പുല്ലൂർ വില്ലേജിൽ എൻഡോസൾഫാൻ ദുരിതബാധിതർ താമസിക്കുന്ന സായി ഗ്രാമത്തിൽ വീട് ലഭിച്ച വയിലിനിസ്റ്റ് ഹരിനാരായണനും കുടുംബത്തിനും താമസസ്ഥലത്തിന് പട്ടയമായി. ഹോസ്ദുർഗ് മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പട്ടയമേളയിൽ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഹരിനാരായണന്റെ മകൾ സരസ്വതിക്ക് പട്ടയം കൈമാറി.

ഹരിനാരായണൻ ഉൾപ്പെടെ സായിഗ്രാമത്തിലെ 22 പേർക്കാണ് താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചത്. പട്ടയമില്ലാത്തതിനാൽ വീട്ടുനമ്പറും റേഷൻ കാർഡും ലഭിക്കാത്ത ഇവരുടെ പ്രശ്നത്തിന് ഇതോടെ പരിഹാരമായി. 40 ശതമാനത്തോളം മാനസിക വൈകല്യമുള്ള ഹരിനാരായണൻ അഞ്ചു വർഷം മുമ്പ് വരെ കച്ചേരികളിൽ വയലിൻ വായിച്ചിരുന്നു. ഇന്ന് പലവിധ അസുഖങ്ങളുമുള്ള ഇദ്ദേഹത്തിന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പരസഹായം വേണം.

സായി ഗ്രാമത്തിൽ വർഷങ്ങളായി താമസിക്കുന്ന 22 പേർക്ക് നേരത്തെ സർക്കാർ നൽകിയ ഭൂമിയിൽ സായി ട്രസ്റ്റ് വീട് നിർമ്മിച്ചു നൽകിയിരുന്നു. പക്ഷേ സർക്കാർ അനുവദിച്ച പട്ടയഭൂമിയിലായിരുന്നില്ല വീടു വെച്ചത്. ഇതുമൂലം ഇവർക്ക് തുടർ ആനുകൂല്യങ്ങൾ ലഭിച്ചില്ല. വീട്ടുനമ്പറോ റേഷൻ കാർഡോ കിട്ടാതെയായി. അതിനാൽ ആ പട്ടയങ്ങളെല്ലാം റദ്ദാക്കി നിലവിൽ അവരുടെ വീടു സ്ഥിതിചെയ്യുന്ന ഭൂമിക്ക് സർക്കാർ പട്ടയം നൽകുകയായിരുന്നു. സായി ഗ്രാമത്തിലെ നിർമ്മലയും മന്ത്രിയിൽനിന്ന് പട്ടയം ഏറ്റുവാങ്ങി. സായിഗ്രാമത്തിൽ വീടുവച്ചവർക്ക് പട്ടയം നൽകാത്തത് സർക്കാരിനെതിരെ പ്രചരണായുധമാക്കി പ്രതിപക്ഷ സംഘടനകൾ സമരം ചെയ്തിരുന്നു.