മാഹി: തലശ്ശേരി-മാഹി ബൈപാസിന്റെ ഭാഗമായി പാറാൽ-ചൊക്ലി റോഡിന് കുറുകെ നിർമ്മിച്ച മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തന്നെ പൊളിച്ചുമാറ്റാനിടയാക്കിയ സാഹചര്യം, ഉന്നത തല അന്വേഷണത്തിന് വിധേയമാക്കണമെന്നും, ജനങ്ങളുടെ ആശങ്കയും, സംശയങ്ങളും, ദൂരീകരിക്കണമെന്നും, മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേഷ് പറമ്പത്ത് ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. പാലം പൊളിച്ച് പുനർനിർമ്മിക്കുന്നത് മൂലം ഈ വഴിയുള്ള വാഹന ഗതാഗതം ഒരു മാസക്കാലം തടസ്സപ്പെടുന്നത് ജനങ്ങൾക്ക് വളരെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചാലക്കര റോഡിലെ മേൽപ്പാലത്തിന്റെ പണി ഇഴഞ്ഞ് നീങ്ങുകയാണ്. മൂന്നു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്ന പ്രവൃത്തി ഒരു വർഷമെടുത്തിട്ടും, കാൽ ഭാഗം പോലും പുർത്തിയായിട്ടില്ല. ഹൈവേ പൂർത്തിയാക്കുന്നതോടെ പള്ളൂർ വയലിൽ ഉണ്ടാകാനിടയുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം മുന്നിൽ കണ്ട് ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ മാഹി
പൊതുമരാമത്ത് വകുപ്പും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.