കണ്ണൂർ: ആകാശവാണി കണ്ണൂർ നിലയം അസി. ഡയറക്ടർ വി. ചന്ദ്രബാബു സർവ്വീസിൽ നിന്ന് വിരമിച്ചു. 35 വർഷത്തെ സേവനത്തിന് ശേഷം സ്വയം വിരമിക്കുകയായിരുന്നു. 1985 ലാണ് തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തിൽ ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്, കണ്ണൂർ, നാഗർകോവിൽ, കോയമ്പത്തൂർ നിലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ് ബിരുദവും നേടിയ ശേഷമാണ് ആകാശവാണിയിൽ ചേർന്നത് . ആകാശവാണിയിൽ വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും അവതരിപ്പിക്കുന്നതിലും മുന്നിലായിരുന്നു. ആകാശവാണി എ ഗ്രേഡ് നാടക ആർട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം നിരവധി നാടകങ്ങളും ചിത്രീകരണങ്ങളും സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. യുറീക്ക, ശാസ്ത്ര കേരളം, തളിര് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കുട്ടികൾക്കായി ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന് വേണ്ടി നെൽസൺ മണ്ടേലയുടെ ജീവചരിത്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. കണ്ണൂർ കാടാച്ചിറയ്ക്കടുത്ത് ആഡുരിലെ പരേതരായ എം.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെയും കോടഞ്ചേരി ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ പി.വി. ശ്രീജ. മകൾ ഡോ. പി.വി. പല്ലവി. ഡോ.എൻ.വി.ജിതിൻ മരുമകനാണ്.