മാഹി: നൂറ്റി അമ്പത്തിനാല് ദിവസമായി പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റയിൽ കോർപ്പറേഷന്റെ കീഴിലുള്ള മാഹി സ്പിന്നിംഗ് മിൽ മാർച്ച് 31നകം തുറക്കുമെന്ന് ഡൽഹിയിലെ എൻ.ടി.സിയുടെ എച്ച്.ആർ.ഡയറക്ടർ കോയമ്പത്തൂരിൽ വെച്ച് നടത്തിയ ചർച്ചയിൽ കേരള ടെക്സ്റ്റയിൽ ഫെഡറേഷൻ നേതാക്കളെ അറിയിച്ചു. പട്ടിണിയിലും, അർദ്ധ പട്ടിണിയിലും കഴിയുന്ന അനിശ്ചിതകാല സമരത്തിലുള്ള തൊഴിലാളികൾക്ക് ഇത് വലിയ പ്രതീക്ഷയായി.
കോയമ്പത്തൂരിൽ വച്ച് ഇന്നലെ നടന്ന ചർച്ചയിൽ രണ്ടാംഘട്ടം മിൽ തുറക്കുന്നതിന്റെ ഭാഗമായി പൂട്ടിക്കിടക്കുന്ന മില്ലുകൾ മാർച്ച് 31 നുള്ളിൽ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് ഡയറക്ടർ ഉറപ്പ് നൽകി.
റിട്ടയർമെന്റ് ചെയ്തവരുടെ പി.എഫ്. പെൻഷൻ സംബന്ധമായ വിഷയത്തിൽ, പെൻഷൻ പൂർണമായും ലഭിക്കേണ്ട വിധത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി. ഫെഡറേഷൻ
ഇന്ന് ചർച്ച ചെയ്ത വിഷയങ്ങൾ എൻ.ടി.സി. ബോർഡിന് മുമ്പിൽ അവതരിപ്പിക്കുമെന്നും, അതനുസരിച്ച് മാർച്ച് 31നകം മില്ലുകൾ ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിപ്പിക്കുമെന്നും ഡയറക്ടർ ഉറപ്പ് നൽകി. അടുത്ത 20 ദിവസത്തിനുള്ളിൽ മറ്റൊരു യോഗം കൂടി വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആശങ്കയൊഴിയുന്നു
മാഹിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ സ്പിന്നിംഗ് മിൽ അടച്ചു പൂട്ടി സ്വകാര്യ ഏജൻസിക്ക് കൈമാറുമെന്ന ആശങ്ക ഇതോടെ ഒഴിവായി. നേരത്തെ സ്ഥലം അളക്കാൻ ശ്രമിക്കുകയും, ടെക്സ്റ്റയിൽ മന്ത്രി നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോൾ, മില്ലിന്റെ ഭാവിയെക്കുറിച്ച് തൊഴിലാളികളും, പുതുച്ചേരി ഭരണകൂടവും ആശങ്കപ്പെട്ടിരുന്നു.