
കണ്ണൂർ: ഈ സർക്കാരിന്റെ കാലാവധി കഴിയാനിരിക്കെ, കേരള ബാങ്കിൽ സ്ഥിരപ്പെടുത്തുന്ന 1700ഓളം താത്കാലിക ജീവനക്കാരിൽ പാർട്ടി ഗുണ്ടകളും ക്രിമിനൽക്കേസിൽപ്പെട്ടവരുമുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പി.എസ്.സിയെ നോക്കു കുത്തിയാക്കി ആകാവുന്ന സ്ഥലത്തൊക്കെ പാർട്ടിക്കാരെ തിരുകിക്കയറ്റുകായാണ്. പി.എസ്.സിയെപ്പൊലും വഞ്ചിച്ചില്ലോ. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരന് പൊലീസ് ലിസറ്റിൽ ഒന്നാംറാങ്ക് ലഭിച്ച തട്ടിപ്പ് നമ്മൾ കണ്ടതല്ലേ. എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനപരാതി ഇന്റർവ്യൂബോർഡിലുള്ളവരാണ് പറഞ്ഞത്.
അനധികൃത നിയമനങ്ങൾക്കെതിരെ യു.ഡി.എഫ് ആഞ്ഞടിക്കും തീരുമാനത്തിൽ നിന്ന് സർക്കാർ ഉടൻ പിൻതിരിയണം. അർഹതപ്പെട്ടവർക്കായിരിക്കണം ജോലി അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളിയെന്നല്ല ഒരു നേതാവിനെ കുറിച്ചും എനിക്ക് പരാതിയില്ല. കെ.പി.സി.സി പ്രസിഡന്റ് ആവുക എന്നത് എന്റെ താത്പര്യമല്ല. പാർട്ടി നേതൃത്വം തിരഞ്ഞെടുപ്പ് സമയത്ത് കുറെക്കൂടി ഊർജ്ജസ്വലതയും ആവേശവും കാണിക്കണം. അത് പ്രവർത്തകരുടെ ആവശ്യമാണ്. തന്റെയും ആവശ്യം അത് തന്നെയെന്ന് കെ. സുധാകരൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു. തൊഴിലാളി നേതാവായി വന്നയാൾ ഹെലികോപ്ടറിൽ സഞ്ചരിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. ഏതായാലും പൊതുഖജനാവിൽ നിന്ന് ചെലവഴിച്ച 18 കോടി വേണ്ട എന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞതായി അറിയുന്നു- സുധാകരൻ പറഞ്ഞു.