
കണ്ണൂർ: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി- മൈസൂരു റെയിൽപാതയ്ക്ക് വീണ്ടും ജീവൻ വെക്കുന്നു. സർവ്വേയ്ക്ക് 100 കോടി സർക്കാർ അനുവദിച്ചതോടെയാണ് ഇടക്കാലത്തെ ആലസ്യം വിട്ടുണരുന്നത്. കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്‌ട്രാ എന്ന സ്ഥാപനമാണ് ഡിറ്റൈയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. നേരത്തെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി ഡി.എം.ആർ.സിയെയായിരുന്നു നിശ്‌ചയിച്ചത്. കേരള അതിർത്തിയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും കർണാടക തടഞ്ഞതോടെ പ്രവർത്തനം നിലച്ച് ഡി.എം.ആർ.സി പിന്മാറുകയായിരുന്നു. അനുമതിക്കായി കർണാടകയുമായി നിരന്തരം ചർച്ച നടക്കുന്നുണ്ട്. അനുകൂലസമീപനം ഉണ്ടാവുമെന്ന് തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.
കർണാടകയുടെ അനുമതി ലഭിക്കുന്നതുവരെ കാത്തുനിൽക്കാതെ കേരള അതിർത്തിക്കുള്ളിലെ സർവേ നടപടികൾ പൂർത്തിയാക്കാനാണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം. ഇതുപ്രകാരമാണ് 100 കോടി രൂപ അനുവദിച്ചത്. രണ്ട് റെയിൽവെ ലൈനുകളാണ് സർവെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂർ–- നെഞ്ചൻകോട് പാതയും തലശ്ശേരി –- മൈസൂരു പാതയും വയനാട് സംഗമിച്ച് കർണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിലവിലുള്ളത്. ഈ പാതയിൽ ഇതുവരെ ഉയർന്നുവന്ന എല്ലാ നിർദേശങ്ങളും പരിഗണിച്ചിട്ടുണ്ട്.
നിലവിൽ ഷൊർണ്ണൂർ വഴി ട്രെയിൻമാർഗം ബംഗളൂരുവിലേക്ക് 15 മണിക്കൂർ
വേണം. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർ കൊണ്ട് 207 കിലോ മീറ്റർ ഓടി മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറിൽ ബംഗളൂരിലേക്കും.
കബനിയ്ക്ക് അടിയിലൂടെ 11.500 കി.മി
കർണാടക സർക്കാർ മനസ്സുവെച്ചാൽ തലശേരി- മൈസൂർ റെയിൽപാത യാഥാർത്ഥ്യമാകും. കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്‍ കർണാടക സർക്കാർ സമർപ്പിച്ചിരുന്നു. 11.5 കിലോമീറ്റർ ദൂരത്തിത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്.11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
തലശ്ശേരി-മൈസൂർ പാത
ദൂരം- 206 കി.മി
സമയം -4 മണിക്കൂർ
ചിലവ് - 8000 കോടി
കേന്ദ്രസർക്കാർ 51%
സംസ്ഥാനസർക്കാർ 49%
പാത ഇങ്ങനെ
പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ ,തലശേരി