ldf

കാസർകോട്: സ്ഥാനാർത്ഥി നിർണ്ണയം എങ്ങും എത്തിയില്ലെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ നാലിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഇടതുമുന്നണിക്കില്ല. അല്പം വിയർപ്പൊഴുക്കിയാൽ അതിർത്തിയിലെ മഞ്ചേശ്വരം മണ്ഡലവും കൂടെപോരുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും നിലനിർത്തുന്നതോടൊപ്പം മഞ്ചേശ്വരത്തെ പഴയ ചരിത്രം ആവർത്തിക്കാൻ സി.പി.എം. മണ്ഡലത്തിൽ കേന്ദ്രീകരിക്കുകയാണ്. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതും മണ്ഡലത്തിലെ ഉപ്പളയിലാണ്.

ഇടതുമുന്നണിയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും മുഖ്യമന്ത്രി നേരിട്ടെത്തി നിർവഹിക്കുന്നതോടെ മഞ്ചേശ്വരത്ത് എൽ.ഡി.എഫ് മുന്നേറ്റം ഉഷാറാകും. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നില ഏറെ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ് മണ്ഡലം പിടിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം സി.പി.എമ്മിൽ വർദ്ധിച്ചത്. 2006ൽ ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ച് സി.എച്ച്. കുഞ്ഞമ്പു വിജയിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. നേരത്തെ സി.പി.ഐയുടെ ഉരുക്കുകോട്ടയും ആയിരുന്നു ഈ മണ്ഡലം. ഡോ. സുബ്ബറാവു മന്ത്രിയായതും ഇവിടെ നിന്ന് ജയിച്ചിട്ടാണ്. ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീൻ നേടിയ ഭൂരിപക്ഷം ഇപ്പോൾ മണ്ഡലത്തിൽ യു.ഡി.എഫിനില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ ഭൂരിപക്ഷത്തിന്റെ ഗ്രാഫും കുത്തനെ ഇടിഞ്ഞു.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ഖമറുദ്ദീന്റെ 'ചീട്ട് കീറിയത്' ലീഗിന് വലിയ തിരിച്ചടിയായിട്ടുണ്ട്. വോട്ട് ചോർച്ച വലുതാണെന്ന് ലീഗ് നേതൃത്വവും വിലയിരുത്തുന്നു.മുസ്‌ലിം ലീഗും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കാസർകോട്ടും മഞ്ചേശ്വരത്തും വലിയ പോരാട്ടം കാഴ്ചവയ്ക്കുക. അനുകൂല സാഹചര്യങ്ങൾ മുതലാക്കി മഞ്ചേശ്വരം പിടിച്ചെടുക്കുക. 2006ന് ശേഷം എൽ.ഡി.എഫ് മഞ്ചേശ്വരത്ത് വിജയം സ്വപ്നം കാണുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിന് മഞ്ചേശ്വരം, വോർക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകൾ നഷ്ടമായതും എൽ.ഡി.എഫിന് പ്രതീക്ഷയാണ്. കാസർകോട് മണ്ഡലത്തിൽ ഐ.എൻ.എൽ. വഴി രണ്ടാം സ്ഥാനവും എൽ.ഡി.എഫ് ലക്ഷ്യമിടുന്നു.

സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയായ തൃക്കരിപ്പൂരിലും ഉദുമയിലും അനായാസ ജയം. ഇരുപതിനായിരത്തിലേറെ വോട്ടിന് സി.പി.ഐ. ജയിക്കുന്ന കാഞ്ഞങ്ങാടും ഒപ്പം നിൽക്കുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ. ഇ.എം.സിന്റെയും ഇ.കെ.നായനാരുടെയും പാരമ്പര്യം പേറുന്ന സി.പി.എമ്മിനെ മാത്രം വിജയിപ്പിച്ച തൃക്കരിപ്പൂരിലും ഭൂരിപക്ഷം എത്രയെന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എൽ.ഡി.എഫിന്റെ അടിയുറച്ച മറ്റൊരു മണ്ഡലമായ കാഞ്ഞങ്ങാട്ടും ഭീഷണികളില്ല. ശക്തമായ മത്സരം നേരിടാൻ പോകുന്നു എന്ന പറയുന്ന ഉദുമ സീറ്റ് നിലനിർത്താന്‍ സാധിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടൽ. നാല് പതിറ്റാണ്ടിലേറെയായി യു.ഡി.എഫിന്റെ കയ്യിലുള്ള കാസർകോട്ട് ഇത്തവണ രണ്ടാം സ്ഥാനം തന്നെയാണ് മുന്നണിയുടെ പ്രധാന ലക്ഷ്യം. പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കാസർകോട് ഇത്തവണ കളത്തിലിറക്കും.