mancheshwer

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം എങ്ങമെത്തിയില്ലെങ്കിലും കാസർകോട് ജില്ലയിലെ അഞ്ചു സീറ്റുകളിൽ നാലും നേടാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണിനേതൃത്വം. നിലവിൽ മൂന്നാംസ്ഥാനത്താണെങ്കിലും അല്പം വിയർപ്പൊഴുക്കിയാൽ നിരവധി തവണ വിജയിച്ച ചരിത്രമുള്ള മഞ്ചേശ്വരവും കൂടെപോരുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വികസനമുന്നേറ്റയാത്ര ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നില ഏറെ മെച്ചമായതാണ് മണ്ഡലം പിടിക്കാമെന്ന ഇടതുവിശ്വാസത്തിന് പിന്നിൽ.ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ എത്തിയ ഖമറുദ്ദീന് ഇക്കുറി സീറ്റ് നൽകാൻ സാദ്ധ്യത കുറവാണ്.ഇതടക്കമുള്ള പ്രശ്നങ്ങൾ മൂലം വോട്ട് ചോർച്ച വലുതാണെന്ന് ലീഗ് നേതൃത്വവും വിലയിരുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിന് മഞ്ചേശ്വരം, വോർക്കാടി, മീഞ്ച പഞ്ചായത്തുകൾ നഷ്ടമായതും എൽ.ഡി.എഫിന് പ്രതീക്ഷയാണ്.

കാസർകോട് നിയോജകമണ്ഡലത്തിൽ കനത്ത പോരാട്ടം കാഴ്ചവെക്കാമെന്നും മറ്റ് മൂന്ന് നിയോജകമണ്ഡലങ്ങൾ നിലനിർത്താമെന്നുമാണ് ഇടതുകണക്കുകൂട്ടൽ. തൃക്കരിപ്പൂരിലും ഉദുമയിലും കാഞ്ഞങ്ങാട്ടും അനായാസ ജയം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ പോരാട്ടമുണ്ടാകുമെന്ന് വിലയിരുത്തലുള്ള ഉദുമ നിലനിർത്താൻ പ്രയാസമുണ്ടാകില്ലെന്നുതന്നെയാണ് മുന്നണിയുടെ വിശ്വാസം.ഐ.എൻ.എല്ലിന് നൽകാൻ സാദ്ധ്യതയുള്ള കാസർകോട്ട് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ നിർത്താനായിരിക്കും മുന്നണിയുടെ നീക്കം.

പിൻബലം 2006

2006 ൽ മുസ്ലിം ലീഗിലെ അതികായനായ ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ച് സി. എച്ച്. കുഞ്ഞമ്പു വിജയിച്ചതാണ് എൽ.ഡി.എഫിന് ഏറ്റവുമൊടുവിൽ ഓർത്തുവെക്കാനുള്ള വിജയം. ഡോ. സുബ്ബറാവു മന്ത്രിയായത് സി.പി.ഐ ടിക്കറ്റിൽ ഇവിടെ നിന്ന് വിജയിച്ചാണ്. പി.ബി.അബ്ദുൾറസാഖിന്റെ മരണത്തോടെ ഒഴിവുവന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ എം സി ഖമറുദ്ദീന് ലഭിച്ച ഭൂരിപക്ഷം തദ്ദേശതിരഞ്ഞെടുപ്പിൽ യു .ഡി. എഫിനില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ ഭൂരിപക്ഷത്തിന്റെ ഗ്രാഫും കുത്തനെ ഇടിഞ്ഞു.