file-1

കണ്ണൂർ: ഗവേഷക കുപ്പായത്തിനൊപ്പം തൊഴിലുറപ്പിലൂടെ അദ്ധ്വാനത്തിന്റെ പുതിയ അദ്ധ്യായം കുറിക്കുകയാണ് പുതിയതെരു കുന്നുംകൈ അംബേദ്കർ കോളനിയിലെ സായന്ത്. കഴിഞ്ഞദിവസം തൊഴിലുറപ്പ് പണിയിൽ ഈ വർഷം 75 തൊഴിൽ ദിനങ്ങളും സായന്ത് പൂർത്തിയാക്കി. അങ്ങനെ തൊഴിലുറപ്പ് പോയിന്റും പൂർത്തിയാക്കി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം എം.ഫിൽ വിദ്യാർത്ഥിയായ സായന്ത് വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക് മടങ്ങുകയാണ്. ഇത്രയേറെ പഠിച്ച യുവാവ് തൊഴിലുറപ്പിനിറങ്ങിയപ്പോൾ പരിഹസിച്ചവർ ഒരുപാടുണ്ട്. അദ്ധ്വാനിച്ച് ജീവിക്കുന്നതിലുള്ള അഭിമാനം പരിഹാസങ്ങളുടെ വായപടപ്പിച്ചു.

ലോക്ക് ഡൗണിൽ നാട്ടിലെ സമപ്രായക്കാർ ചേർന്ന് വിജ്ഞാനവാടി എന്ന കൂട്ടായ്മയുണ്ടാക്കി കുട്ടികൾക്ക് ക്ലാസെടുത്തിരുന്നു. കൊവിഡ് വ്യാപിച്ചപ്പോൾ അത് മുടങ്ങി. തൊഴിലുറപ്പ് പണിയിൽ യുവാക്കൾക്കും അവസരമുണ്ടെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളടങ്ങുന്ന 12 പേർ തൂമ്പയുമായി പണിക്കിറങ്ങി. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും ഏറ്റെടുത്ത പ്രവൃത്തികൾ ഭംഗിയായി പൂർത്തിയാക്കി.

പിതാവ് കെ. സുധാകരനും മാതാവ് കെ. ഷീബയും കൂലിപ്പണിക്കാരാണ്. സഹോദരി കെ. ശിശിര ബ്രണ്ണൻ കോളേജിൽ നിന്ന് എം.കോം പൂർത്തിയാക്കി.

'പി.എച്ച്.ഡി പൂർത്തിയാക്കി കോളേജ് അദ്ധ്യാപകനാകണമെന്നാണ് ആഗ്രഹം. അതിനിടയിൽ വിദ്യാഭ്യാസത്തിന്റെ തലക്കനമില്ലാതെ മാന്യമായ ഏത് തൊഴിൽ ചെയ്യേണ്ടി വന്നാലും ചെയ്യും".

- സായന്ത്