കാസർകോട്: നിലവിലുള്ള എം. എൽ .എമാരിൽ പകുതിപേരും പകുതി പുതുമുഖങ്ങളും മത്സരിക്കണമെന്നാണ് പാർട്ടിയിൽ ഒരാലോചനയുള്ളത്. അന്തിമ തീരുമാനം ഉടനെയുണ്ടാകും..ചൂരിക്കാടൻ കൃഷ്ണൻ നായർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ തടിയൻകൊവ്വലിൽ എത്തിയ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ മിൽമ ഡയറക്ടർ പി .പി. നാരായണന്റെ വസതിയിൽ വച്ച് 'കേരള കൗമുദി'യോട് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പറയുകയായിരുന്നു.. സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിയിട്ടില്ല. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ പാർട്ടി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം ഉയർത്തിപ്പിടിച്ചു തിരഞ്ഞെടുപ്പിൽ മുതലെടുപ്പ് നടത്താമെന്ന യു. ഡി. എഫ് മോഹം വെള്ളത്തിൽ വരച്ച പോലെയാകും. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടിലാണ് അവരുടെ കണ്ണ്. എന്നാൽ ന്യുനപക്ഷം ഉൾപ്പെടെ എല്ലാ സമുദായവും കേരളത്തിലെ എൽ .ഡി. എഫിനൊപ്പമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബഹുഭൂരിപക്ഷം വോട്ടുകളും നിലനിർത്താനായാൽ എൽ. ഡി .എഫ് വലിയ മുന്നേറ്റം കാഴ്‌ചവെക്കും.
ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മിക ഭൗതികവാദം നടപ്പിലാക്കുന്നത് സംബന്ധിച്ച സി .പി .എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്റെ അഭിപ്രായത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുതിയൊരു 'തീയറി' കൊണ്ടുവരാനായിരുന്നു എം.വി.ഗോവിന്ദൻ ശ്രമിച്ചത്. പക്ഷെ പരാജയപ്പെട്ടുപോയി. അതാണ് തൊട്ടടുത്ത ദിവസം അദ്ദേഹം തന്നെ നിലപാട് തിരുത്തിയത്. കമ്മ്യുണിസ്റ്റുകാർ ഇതുവരെ ഉയർത്തിപ്പിടിച്ച ആശയഗതിക്ക് വിഭിന്നമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കർഷകസമരം കണ്ടില്ലെന്ന് നടിക്കുന്ന പെട്രോൾ, ഡീസൽ , പാചകവാതകത്തിന് വിലകൂട്ടി അടുക്കളയിൽ പോലും കലാപമുണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ ഇവിടെ കോൺഗ്രസുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.