കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപം മഞ്ഞുംപൊതിക്കുന്നിൽ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. ബേക്കൽ കോട്ട ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുടെ ടൂറിസം സാധ്യതകൾ കൂടുതൽ ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

മഞ്ഞംപൊതിക്കുന്നിൽ 4.97 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. മഞ്ഞംപൊതിക്കുന്നിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിയാണ് വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുന്നത്. രാത്രികാലങ്ങളിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കാനാവും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായി ഇവിടെയാണ് നടപ്പിലാക്കുന്നത്.

ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൻ കെ.വി. സുജാത അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഓൺലൈനിലൂടെ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ബി. സൗദാമിനി, അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ നന്ദിയും പറഞ്ഞു.

4.97 കോടി രൂപയുടെ പദ്ധതി

സംഗീത ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടൽ എന്നിവയുടെ ദൂരക്കാഴ്ച കുന്നിൻമുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിംഗ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.