കണ്ണൂർ. നാടകത്തിൽ കത്തിജ്വലിച്ചുനിൽക്കെ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും വീണുപോയില്ല. കൃത്രിമക്കാൽ വച്ച് അരങ്ങിൽ വിസ്മയനടനം തീർത്തു. തീർന്നു എന്ന് കരുതിയിടത്ത് നിന്ന് പൂർവാധികം തിളക്കത്തോടെ അരങ്ങിൽ ശോഭിച്ചു.രജനി മേലൂരിന് ഒരിക്കൽ കൂടി കേരളസംഗീതനാടക അക്കാഡമിയുടെ അവാർഡ് ലഭിക്കുമ്പോൾ കൈയടിക്കേണ്ടത് ദൃഢനിശ്ചയത്തിനും അർപ്പണബോധത്തിനും കൂടിയാണ്..
അരങ്ങിൽ ജ്വലിച്ച് നിൽക്കുന്ന കാലത്താണ് അപകടത്തിന്റെ രൂപത്തിൽ രജനിയുടെ ജീവിതത്തിലേക്ക് പ്രതിസന്ധികൾ കടന്നു വരുന്നത്. 1994 ഡിസംബർ 23ന്
വടകര വരദ ട്രൂപ്പിന്റെ ഇരുട്ടിന്റെ ആത്മാവ് എന്ന നാടകം അവതരിപ്പിക്കാൻ പോകുമ്പോഴാണ് കുഞ്ഞിപ്പള്ളിയിൽ വച്ച് രജനി സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. രണ്ട് മാസക്കാലം വേദന തിന്ന് ആശുപത്രി കിടക്കയിൽ. ജീവൻ രക്ഷിക്കാൻ കാൽ മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൽ മുറിച്ചു മാറ്റൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ തന്നെ കൃത്രിമ കാൽ എന്ന ആശയം പങ്കുവച്ചു. അഭിനയം തുടരണമെന്ന അടങ്ങാത്ത ആഗ്രഹവും വാശിയും മനസ്സിൽ സജീവമാക്കി മദ്രാസിലെ ഒരു കമ്പനിയിൽ നിന്ന് കൃത്രിമക്കാൽ പിടിപ്പിച്ചു. എന്നാൽ ഗുണമേന്മ കുറഞ്ഞ ആ കൃത്രിമക്കാൽ ജീവിതം വേദനയിൽ മുക്കി. മെച്ചപ്പെട്ട കൃത്രിമക്കാൽ കിട്ടിയാൽ മാത്രമെ വേദിയിലെത്താൻ സാധിക്കുവെന്നായി ഡോക്ടർമാർ.കൃത്രിമക്കാലിന് വേണ്ടി മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ സമർപ്പിച്ചു. പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ ഇടപെടലും. എറണാകുളം സായി റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് ലഭിച്ച പുതിയ കാൽ രജനിയുടെ ഭാഗമായി. ഒരാഴ്ച അവിടെ താമസിച്ചു നടത്തം പരിശീലിച്ചു. ചികിത്സയ്ക്കും യാത്ര ചെലവിനുമായും ധാരാളം പണം ചെലവായെങ്കിലും പിന്നീടങ്ങോട്ട് അരങ്ങിൽ തകർത്താടുകയായിരുന്നു രജനി
.
3500 വേദികൾ
3500ൽ പരം വേദികളിലാണ് വിവിധ കഥാപാത്രങ്ങളെ രജനി അവതരിപ്പിച്ചത്. നിഷ്‌കളങ്കൻ, മൂകനർത്തകൻ, സ്വന്തം സ്‌നേഹിതൻ, തുമ്പോലാർച്ച, വേലുത്തമ്പി ദളവ, കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്, കരിങ്കുരങ്ങ്, കടത്തനാട്ടമ്മ, പാവം മനുഷ്യൻ ഇങ്ങനെ നീളുന്നു ആ പട്ടിക. 2007 ൽ കടത്തനാട്ടമ്മ എന്ന നാടകത്തിലെ ആയിത്തിര എന്ന കഥാപാത്രത്തിന് സംസ്ഥാന സംഗീത നാടക അക്കാഡമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. കൂടാതെ അനവധി പ്രാദേശിക അവാർഡുകളും.സംസ്ഥാന തലത്തിൽ മറ്റൊരു അംഗീകാരം കൂടി ലഭിച്ചപ്പോൾ ഭർത്താവ് സുകുമാരനും മകൾ ഹർഷക്കും പേരക്കുട്ടികൾക്കുമൊപ്പം മേലൂരിലുള്ള വീട്ടിൽ ആഘോഷത്തിരക്കിലാണ് രജനി.