തൃക്കരിപ്പൂർ: തങ്ങളുടെ പ്രതിനിധിയെ അവഗണിക്കുന്ന സ്പോർട്സ് കൗൺസിലിന്റെ നിലപാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ജില്ലാ ഫുട്ബാൾ അസോസിയേഷൻ. അസോസിയേഷൻ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്ത അബ്ദുൽ ലത്തീഫ് പെരിയയെ അംഗീകരിക്കാൻ തയ്യാറാകാത്ത കൗൺസിൽ നിലപാടിനെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. സാധാരണ ഗതിയിൽ ഒരു പ്രതിനിധിയെ തിരഞ്ഞെടുത്ത് അയച്ചാൽ അത് അംഗീകരിച്ചു കൊണ്ട്, തുടർന്നുള്ള സ്പോർട്സ് കൗൺസിൽ യോഗങ്ങളിലും അനുബന്ധ യോഗങ്ങളിലുമൊക്കെ ആ വ്യക്തിയെ പങ്കെടുപ്പിക്കണമെന്നാണ് ഇത് സംബന്ധിച്ച ചട്ടമെന്ന് അസോസിയേഷൻ സെക്രട്ടറി ടി.കെ.എം.റഫീഖ് പടന്ന പറയുന്നു.
സ്പോർട്സ് കൗൺസിൽ യോഗങ്ങളിൽ മാത്രമല്ല ജില്ലാ ഫുട്ബാൾ അസോസിയേഷനിലൂടെ വളർന്നു വന്ന ആര്യ ശ്രീക്ക് സർക്കാർ വീടുവച്ചു നൽകിയതിന്റെ താക്കോൽദാന കർമ്മത്തിലും അസോസിയേഷൻ പ്രതിനിധിയെ ക്ഷണിച്ചില്ലെന്നും ആരോപണമുണ്ട്. കേരള ഫുട്ബാൾ അസോസിയേഷനിലും സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിനും പരാതി ബോധിപ്പിച്ചുവെങ്കിലും വിഷയത്തിൽ ഉചിതമായ നടപടി ഉണ്ടായില്ലെന്നും ഇവർ പറയുന്നു.