മയ്യിൽ: അര നൂറ്റാണ്ടിലേറെയായി തുടരുന്ന കോറളായിയുടെ കണ്ണീർ ഇനി നിലയ്ക്കും. പുഴയെടുത്ത തീരത്തെ വേദനയ്ക്ക് അറുതി വരുത്താൻ സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നു. തെങ്ങിൻ തടികളും മറ്റും ഉപയോഗിച്ച് തീരം കെട്ടുന്ന പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
മയ്യിൽ പഞ്ചായത്തിൽപ്പെട്ട കോറളായി ദ്വീപിൽ ആയിരത്തോളം ജനങ്ങളാണ് കഴിയുന്നത്.
275 ഏക്കർ ഉണ്ടായിരുന്ന ദ്വീപ് ഇന്ന് വെറും 200 ഏക്കർ മാത്രമാണുള്ളത്. 75 ഏക്കർ മുഴുവനും പുഴയെടുത്തു. ചെങ്ങളായി, കുറുമാത്തൂർ, മയ്യിൽ എന്നീ പഞ്ചായത്തുകളുടെ പ്രധാന മണൽവാരൽ കേന്ദ്രമായിരുന്നു ഇവിടം. ഇതാണ് ഇവിടുത്തെ കരയിടിച്ചിലിന് പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഉച്ചയ്ക്ക് വേലിയേറ്റ സമയത്തുണ്ടാകുന്ന തിരകൾ വന്നിടിക്കുന്നതു മൂലവും കരയിടിച്ചൽ ഉണ്ടാകും. മദ്ധ്യഭാഗത്തു കൂടി വെള്ളം ഒഴുകിയതോടെ ഒരൊറ്റ ഭാഗമായിരുന്ന ദ്വീപ് ഇന്ന് രണ്ടായി മുറിഞ്ഞിരിക്കുകയാണ്. ഇവിടത്തെ ഒരു ദ്വീപ് മുഴുവനായും പുഴയെടുത്തു. തെങ്ങ് നിറഞ്ഞ ഭാഗമായിരുന്നു പുഴയെടുത്തത്.
സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വെച്ചാൽ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ആളില്ലെന്ന് മാത്രമല്ല, ഒരുപാട് മുതൽമുടക്കി പണിത വീടിനുപോലും വില ലഭിക്കാത്തതിനാൽ വിൽക്കാൻ പറ്റാത്ത അവസ്ഥയുമാണ്. വരുമാനമാർഗം കൃഷിയാണ്. വാഴ, കരിമ്പ്, തെങ്ങ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പരിസ്ഥിതി പ്രവർത്തകനായ കല്ലേൻ പൊക്കുടന്റെ നേതൃത്വത്തിൽ കോറളായി ദ്വീപിൽ കണ്ടൽ നട്ടിരുന്നെങ്കിലും പൂഴി പ്രദേശമായതിനാൽ വളർന്നില്ല. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ മുളംകുറ്റിയിൽ ചളി നിറച്ച ശേഷം കണ്ടൽചെടി അതിൽ വളർത്തി ഇത് പുഴയിൽ താക്കാനുള്ള പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
മയ്യിൽ പഞ്ചായത്തിലെ ഏക സർക്കാർ എൽ.പി സ്‌കൂൾ, രണ്ട് പള്ളികൾ, ഒരു ക്ഷേത്രം എന്നിവ ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നുണ്ട്.
അൽപ്പം ഫ്ളാഷ് ബാക്ക്
തീരസംരക്ഷണത്തിന് ആവശ്യത്തിന് പണം ജില്ലാ ഭരണകൂടത്തിന്റെ കൈയിലുണ്ടായിട്ടും ചെലവാക്കുന്നില്ലെന്നതായിരുന്നു നാട്ടുകാരുടെ പരാതി. സർക്കാരിന്റെ സഹായം കാത്ത് മടുത്തപ്പോൾ നാട്ടുകാർ തന്നെ രംഗത്തിറങ്ങി. രാത്രിയിൽ പുഴ കയറി ജീവൻ തന്നെ ഒലിച്ചു പോകുമെന്ന ഭീതിയിലാണ് നാട്ടുകാർ കൈകോർത്തത്. പുഴയുടെ ഭിത്തികളിൽ തെങ്ങിന്റെയും കവുങ്ങിന്റെയും കഷണങ്ങൾ ജെ.സി.ബി ഉപയോഗിച്ച് അടിച്ചിറക്കിയാണ് താത്ക്കാലികമായി ആശങ്ക അവസാനിപ്പിച്ചത്. കോറളായി പാലത്തിന്റെ മണ്ണ് അശാസ്ത്രീയമായ രീതിയിൽ പുഴയിൽ അടിഞ്ഞുകൂടിയതാണ് കരയിടിച്ചലിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധം ശക്തമായാൽ കണ്ണിൽ പൊടിയിടാൻ ചെറിയ പൊടിക്കൈകളുമായി അധികൃതരെത്തും. എന്നാൽ അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല ഇവരുടെ ദുരിതം.