കണ്ണൂർ: ബസുകളുടെ സമയപട്ടിക ഡിജിറ്റലൈസ് ചെയ്യാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി ആംരംഭിച്ചു. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മുഴുവൻ ബസുടമകളോടും സമയപട്ടിക സ്വയം സാക്ഷ്യപ്പെടുത്തി നൽകാൻ കണ്ണൂർ ആർ.ടി.ഒ നിർദ്ദേശം നൽകി. രജിസ്റ്റർ നമ്പർ പ്രകാരം ഒന്ന് മുതൽ 2500 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഇന്നലെയും 2501 മുതൽ 5000 വരെയുള്ള ബസുകളുടെ വിവരം ഇന്നും നൽകണം. യഥാക്രമം 9999 വരെയുള്ള വാഹനങ്ങൾ 11 വരെയാണ് വിവരങ്ങൾ ആർ.ടി.ഒ ഒാഫീസിൽ എത്തിക്കേണ്ടത്.

ഈ മാസം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് സാദ്ധ്യത. ഡിജിറ്റലൈസേഷൻ പൂർത്തിയാകുന്നതോടെ ഇന്റർനെറ്റിന്റെ സഹായത്തോടെ ഫോണിലും കംപ്യൂട്ടറിലും ബസുകളുടെ റൂട്ടും സമയവും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. കേരളത്തിലോടുന്ന മുഴുവൻ ബസുകളുടെ വിവരങ്ങളും എവിടെ നിന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. അധികൃതർക്കു ഫയലുകൾ പരിശോധക്കുന്നത് ഒഴിവാക്കി ബസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒാൺലൈൻ വഴി മനസ്സിലാക്കാം. നിരത്തുകളിലെ ബസുകൾ തമ്മിലുള്ള മത്സര ഒാട്ടവും ഒരു പരിധിവരെ കുറക്കാൻ

കഴിയും. എന്നാൽ സമയപട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതിനെ കുറിച്ച് തീരുമാനമായിട്ടില്ല.

പെർമിറ്റ് എളുപ്പത്തിൽ
സി-ഡിറ്റിന്റെ സഹായത്തോടെയാണ് സ്വകാര്യ ബസുകളുടെ വിവരങ്ങൾ ഡിജിറ്രലൈസ് ചെയ്യുന്നത്. ഇതോടെ ഏതൊക്കെ സമയത്ത് പുതിയ പെർമിറ്റ് അനുവദക്കാമെന്ന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ചില റൂട്ടുകളിൽ മിനുട്ടുകളുടെ വ്യത്യാസത്തിൽ ബസുകൾ ഒാടുന്നുണ്ട്. സമയപട്ടികയെ ജി.പി.എസ് സംവിധാനവുമായി ബന്ധിപ്പിക്കാനും ഇത് വഴിയൊരുക്കും. മോട്ടോർ വാഹന ഒാഫീസുകൾ ഇ ഒാഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി.

'ശരിയായ നടപടിയല്ല"

സംസ്ഥാനത്താകെ 14,000 ബസുകൾ ഒാടുന്നുണ്ട്. ഏകദേശം 1400 ഒാളം ബസുകളാണ് ജില്ലയിൽ സർവ്വീസ് നടത്തുന്നത്. ഇതിൽ 45 ശതമാനത്തോളം ബസുകളും നിലവിൽ ഒാടുന്നില്ല. ഈ സമയത്ത് സർക്കാർ പുതിയ റൂട്ടുകൾ ശുപാർശ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നാണ് ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ പോലുള്ള ബസുടമ സംഘടനകളുടെ നിലപാട്. യാത്രക്കാർ ഇല്ലാത്ത സാഹചര്യത്തിൽ കൊവി‌ഡ് പ്രതസന്ധി മറി കടക്കുന്നത് വരെ പുതിയ പെർമിറ്റ് അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം.