divya
ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സംസാരിക്കുന്നു

കണ്ണൂർ: വരും വർഷത്തെ പദ്ധതികളിൽ തണ്ണീർത്തട സംരക്ഷണത്തിന് മികച്ച പ്രാധാന്യം നൽകാനും കാട്ടാമ്പള്ളി പ്രദേശവുമായി ബന്ധപ്പെട്ടുവരുന്ന തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും പദ്ധതിരേഖ തയ്യാറാകുന്നു. കാട്ടാമ്പള്ളി തണ്ണീർത്തട പ്രദേശം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളും കോർപറേഷൻ ഡിവിഷനും പഠനം നടത്തി കൈയേറ്റം നടന്ന സ്ഥലങ്ങൾ കണ്ടെത്തുകയും കൃഷിസാദ്ധ്യതകൾ പഠിക്കുകയും വേണമെന്നും പദ്ധതിരേഖയിൽ നിർദ്ദേശവുമുണ്ട്.
2021-22 വർഷത്തിൽ ജില്ലയിൽ കൃഷി, കുടിവെള്ളം, തണ്ണീർത്തടം, ക്ഷീരം, മത്സ്യം, പാർപ്പിടം, തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ പദ്ധതികൾ നടപ്പാക്കാനും ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി.

കുടിവെള്ള സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 200 വീടുകളിലെങ്കിലും നിർബന്ധമായും കിണർ റീചാർജിംഗ് ചെയ്യണമെന്നും യോഗം നിർദേശിച്ചു. നഗരസഭകളിൽ ആനുപാതികമായ എണ്ണം വീടുകളിൽ ഈ പദ്ധതി നടപ്പാക്കണം. ജില്ലയിൽ ഒരു വർഷം കൊണ്ട് 1000 സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തിൽ 15 സംരംഭങ്ങൾ തുടങ്ങാനും നിർദ്ദേശമുണ്ട്. സ്ത്രീകൾ, പ്രവാസികൾ, യുവാക്കൾ എന്നിവരുൾപ്പെടുന്ന സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഈ പദ്ധതി പ്രകാരം നഗരസഭകളിൽ ഒരു വാർഡിൽ ഒരു സംരംഭമെങ്കിലും തുടങ്ങണം. ടൂറിസം സാദ്ധ്യതകളെ മുൻനിർത്തി പഞ്ചായത്തുകളിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്‌കരിക്കാനും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരോട് യോഗം അഭ്യർത്ഥിച്ചു.

അറവ് മാലിന്യ സംസ്കരണത്തിന് സംവിധാനം
അറവ് മാലിന്യ സംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്തുകളിൽ വേണ്ട സംവിധാനമുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പുവരുത്തണം. തെരുവു പട്ടികളുടെ ശല്യം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന അറവ് മാലിന്യങ്ങളാണ്. മാലിന്യങ്ങൾ പുഴകളിൽ തള്ളുന്നത് ഒഴിവാക്കാൻ ആവശ്യമുള്ളിടത്ത് സി.സി.ടി.വികൾ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കണം.ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ മേയർ അഡ്വ. ടി.ഒ മോഹനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.



ഓരോ തദ്ദേശ സ്ഥാപനത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് അഭികാമ്യമായ പദ്ധതികളെക്കുറിച്ചുള്ള തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗം ചർച്ച ചെയ്തു. കരനെൽകൃഷി, കുടിവെള്ള പദ്ധതികൾ, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംയുക്ത പദ്ധതികളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യണം-

പി.പി. ദിവ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ശുചിത്വം, സൗന്ദര്യവത്കരണം എന്ന ആശയം മുൻനിർത്തിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം.കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ നൽകുന്ന പദ്ധതികളെകുറിച്ച് ആലോചിക്കേണ്ടതുണ്ട്-

ടി.വി. സുഭാഷ്, ജില്ലാ കളക്ടർ