കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വനസ്പർശം പരിപാടിയുടെ ഭാഗമായി ഇന്നലെ രാവിലെ മിനി സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി. സ്റ്റേഷനു മുന്നിൽ തയ്യാറാക്കിയ കൗണ്ടറുകളിലേക്ക് പത്ത്‌വീതം അപേക്ഷകരെയാണ് കടത്തിവിട്ടത്. ഫെബ്രുവരി 2 വരെ ഓൺലൈൻ വഴി 4651 പേരാണ് അപേക്ഷ നൽകിയത്.
അല്ലാതെയും ആയിരത്തിൽപരം പേർ രാവിലെ അപേക്ഷകളുമായെത്തി. ക്ഷേമ പെൻഷൻ, റേഷൻ കാർഡ്, ആരോഗ്യ ചികിത്സാ സഹായം തുടങ്ങിയ പരാതികളാണ് നേരത്തെ ലഭിച്ചതിലേറെയും. ഇതിൽ മിക്കവയ്ക്കും അദാലത്തിൽ പരിഹാരവുമായി. അല്ലാത്തവയ്ക്ക് വൈകാതെ തന്നെ പരിഹാരമുണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. കൊവിഡ് മാനദണ്ഡം പാലിച്ച് ആളുകളെ നിയന്ത്രിക്കാൻ പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.
മുൻകൂട്ടി പരാതി നൽകാത്തവരെ കർശന പരിശോധനയ്ക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് കടത്തിവിട്ടത്. എം.എൽ.എമാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ,ജില്ലാ കളക്ടർ ഡി സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത, സബ് കളക്ടർ വി.ആർ മേഘശ്രീ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു. ആളുകൾ അദാലത്തിൽ തടിച്ചുകൂടിയത് ആശങ്കയ്ക്കും വഴിമരുന്നിട്ടു. കനത്ത വെയിലിൽ ക്യൂ നിന്നവർക്ക് കുടിവെള്ളം കിട്ടാൻ പോലും പ്രയാസപ്പെടേണ്ടിവന്നു.