stadium

തൃക്കരിപ്പൂർ: ഇന്ത്യൻ ഫുട്ബാളിലെ മിന്നുംതാരങ്ങളായിരുന്ന മുഹമ്മദ് റാഫിയും എം. സുരേഷുമടക്കം നിരവധി പ്രൊഫഷണൽ താരങ്ങൾ പിറവിയെടുത്ത തൃക്കരിപ്പൂർ മിനി സ്റ്റേഡിയം നാശത്തിന്റെ വക്കിൽ. കാടുകയറിയും, മാലിന്യങ്ങൾ നിറഞ്ഞും ഫുട്ബാൾ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന കാഴ്ചയാണ് ഈ കൊച്ചുമൈതാനത്തിന്റെത്.

തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ അധീനതയിലുള്ള ഈ കളിസ്ഥലം മിനി സ്റ്റേഡിയമായി പരിഗണിച്ചശേഷം അതിരുകൾ തിരിച്ച് കല്ലുകെട്ടി മണലിട്ട് ഉയർത്തി വേലി കെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ പിന്നാലെ മാലിന്യങ്ങൾ തള്ളിയും കുറ്റിക്കാടുകൾ കയറിയും കളിസ്ഥലം പകുതിയായി ചുരുങ്ങി. പൂഴി നിറഞ്ഞ പ്രദേശമായിരുന്ന ഈ മൈതാനത്തെ മിനി സ്റ്റേഡിയമായി ഉയർത്തിയതോടെയാണ് ഫുട്ബാൾ പരിശീലനത്തിന് അവസരം ലഭിച്ചത്. കളിക്കമ്പക്കാർ ടൂർണ്ണമെന്റുകൾ സംഘടിപ്പിച്ചതോടെ മൈതാനം ആവേശക്കാഴ്ചയായി.

തൃക്കരിപ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമെന്ന നിലയിൽ സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരായ യുവാക്കളും പരിശീലനത്തിന് സ്ഥിരമായി ഇവിടെ എത്തി. ഇത് ഇന്ത്യയൊട്ടാകെ അറിയുന്ന താരങ്ങളെ വളർത്തിയെടുക്കാൻ തൃക്കരിപ്പൂരിനെ സഹായിച്ചു.തൃക്കരിപ്പൂർ സ്കൂളിലെ കായികാദ്ധ്യാപകൻ എ. രാമകൃഷ്ണന്റെ പരിശീലനം നേടിയ സ്കൂൾ ടീം ജി.വി. രാജ ട്രോഫി വരെ നേടി. സംസ്ഥാനത്തെ ഒന്നാമത്തെ സ്കൂൾ ഫുട്ബാൾ ടീമായി തൃക്കരിപ്പൂർ സ്കൂൾ മാറിയതും ഈ ഗ്രൗണ്ടിനെ പ്രയോജനപ്പെടുത്തിയായിരുന്നു.

ഇന്ത്യൻ കുപ്പായമണിയാനും കൊൽക്കത്ത ക്ലബ്ബുകളടക്കം നിരവധി പ്രൊഫഷണൽ ക്ലബ്ബുകൾക്ക് താരങ്ങളെ സംഭാവന ചെയ്യാനും നിമിത്തമായത് ഒരർത്ഥത്തിൽ ഈ കൊച്ചു ഗ്രൗണ്ടായിരുന്നു. ഇങ്ങനെയുള്ള ഗ്രൗണ്ട് പരിതാപകരമായ നിലയിലായിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയാണ് കായിക പ്രേമികൾ ഉന്നയിക്കുന്നത്

തൃക്കരിപ്പൂർ സ്കൂളിന്റെ അഭ്യർത്ഥന മാനിച്ച് മിനി സ്റ്റേഡിയം ഫെൻസിംഗ്‌ നടത്തി സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു

എം. മനു, ജില്ലാ പഞ്ചായത്ത് മെമ്പർ

നിരവധി ഫുട്ബാൾ പ്രതിഭകളെ നാടിന് സമ്മാനിച്ച ഇവിടെ സ്വാഭാവിക പുൽമൈതാനം ഉണ്ടാക്കണം. ഫെൻസിംഗ് ഉയർത്തി സമീപത്തെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഉപദ്രവമില്ലാത്ത വിധമാക്കി മാറ്റണം. അതോടൊപ്പം മൈതാനത്തിലെ വന്മരങ്ങൾ മുറിച്ചുമാറ്റി മൈതാനം സംരക്ഷിക്കണം-

കെ.വി.ഗോപാലൻ, ഫുട്ബാൾ കോച്ച്.