പയ്യന്നൂർ: മണ്ണിടിഞ്ഞും, കാട് കയറിയും സ്വാഭാവിക നീരൊഴുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വെള്ളൂർ പുഴ സംരക്ഷിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി സി. കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കാങ്കോൽ, കരിങ്കുഴി, വെള്ളൂർ, പെരളം, പാലത്തര പ്രദേശങ്ങളിലെ ഏക്കർ കണക്കിന് നെൽവയലുകളുടെ ഏക ജലസേചന മാർഗ്ഗമായ വെള്ളൂർ പുഴ രൂക്ഷമായ മണ്ണൊലിപ്പിനെ തുടർന്ന് മണ്ണടിഞ്ഞും, കരയിടിഞ്ഞ് വീതി കുറഞ്ഞും, പുഴക്കാട് വളർന്നും ഇത് വഴിയുള്ള നീരൊഴുക്ക് തീരെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

കൂടാതെ കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് പുഴ ബണ്ട് തകർന്ന് നെൽകൃഷി നശിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാങ്കോൽ മുതൽ പാലത്തര വരെയുള്ള പ്രദേശങ്ങളിലാണ് അടിയന്തര ഇടപെടൽ ആവശ്യമായിരിക്കുന്നതെന്നും പുഴ സംരക്ഷിക്കുന്നതിനായി അടിയന്തരമായി സർവ്വേ നടത്തി പദ്ധതി തയ്യറാക്കണമെന്നും എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

നഗരസഭ കൗൺസിലർമാരായ ഇ. കരുണാകരൻ, ഒ. സുമതി, മുൻ വൈസ് ചെയർമാൻ കെ.പി ജ്യോതി, സി. ഗോവിന്ദൻ, എൻ. അബ്ദുൾ സലാം, മൈനർ ഇറിഗേഷൻ അസി: എൻജിനീയർ നോബിൾ സെബാസ്റ്റ്യൻ, ഓവർസിയർ അമർനാഥ് എന്നിവരും ഉണ്ടായിരുന്നു.