കാസർകോട്: 'നിയമസഭാ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്ക് കഴിഞ്ഞ കാലങ്ങളിൽ കൈവിട്ടുപോയ മഞ്ചേശ്വരവും സ്ഥിരമായി രണ്ടാംസ്ഥാനത്തുള്ള കാസർകോടും ഇത്തവണ ബി.ജെ.പി പിടിക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. ബി.ജെ.പി ജയിക്കുന്നത് തടയാനുള്ള സി.പി.എമ്മിന്റെ ക്രോസ് വോട്ട് ഇക്കുറി ഫലം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന വിജയ യാത്രയുടെ ഒരുക്കങ്ങൾക്കിടെ കേരള കൗമുദിയുമായി സംസാരിക്കുകയായിരുന്നു ബി.ജെ.പി കാസർകോട് ജില്ലാ അദ്ധ്യക്ഷൻ. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം സി.പി.എമ്മും ലീഗും ഈ മണ്ഡലങ്ങളിൽ ഒത്തുകളിക്കുന്നതു പതിവാണെന്ന് കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ ഈ മുന്നണികൾക്ക് ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ അറിയാം. കെ. സുരേന്ദ്രൻ ജയിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് യു.ഡി.എഫ് സി.എച്ച്. കുഞ്ഞമ്പുവിന് വോട്ട് മറിച്ചത്. ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീൻ മത്സരിച്ചപ്പോൾ സി.പി.എമ്മിന്റെ എം. ശങ്കർ റായിക്ക് ഈ വോട്ടുകളൊന്നും ലഭിച്ചില്ല. അതുകൊണ്ട് യു.ഡി.എഫ് എട്ടായിരത്തോളം വോട്ടുകൾക്ക് ജയിച്ചു.
ചെർക്കളം അബ്ദുള്ള മത്സരിച്ചപ്പോഴും പി.ബി. അബ്ദുൽ റസാഖ് മത്സരിച്ചപ്പോഴും ക്രോസ് വോട്ട് തന്നെയാണ് ബി.ജെ.പിയെ തടഞ്ഞത്. മുന്നണികളുടെ ഈ 'കപട അടവുനയം' ഇനി നടക്കില്ല. രണ്ടു മണ്ഡലത്തിലും ഇരുമുന്നണികളുടെയും ക്രോസ് വോട്ട് തടയാൻ തന്ത്രം പുറത്തെടുക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മുന്നണികളെ ബി.ജെ.പി ഞെട്ടിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുതലത്തിൽ ഒരുങ്ങുകയാണ്.
മറ്റുപ്രദേശങ്ങളിലെ പോലെ രാഷ്ട്രീയം അത്ര ആഴത്തിൽ വേരൂന്നാത്ത പ്രദേശങ്ങളാണ് അതിർത്തികളിലുള്ളത്. കർണ്ണാടക എം.എൽ.എ സുനിൽകുമാർ ജില്ലയിലെ മണ്ഡലങ്ങളിൽ നേരിട്ടെത്തുന്നുണ്ട്. അഞ്ചു മണ്ഡലങ്ങളിലെയും നേതൃയോഗങ്ങൾ നടന്നുകഴിഞ്ഞു. എൽ.ഡി.എഫിനോടും യു.ഡി.എഫിനോടുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. മഞ്ചേശ്വരം എം.എൽ.എ ഖമറുദ്ദീൻ ജയിലിലായതും തട്ടിപ്പ് കേസിൽ പ്രതിയായതും ലീഗിന് വലിയ തിരിച്ചടിയാണ്. കർണ്ണാടകയിൽ കോളേജുകൾ തുറന്നിട്ടും പോകാൻ കഴിയാതെ വിഷമിക്കുകയാണ് ഈ ഭാഗത്തെ വിദ്യാർത്ഥികളെന്നും ശ്രീകാന്ത് ആരോപിച്ചു. ജനങ്ങളുടെ ദുരിതം ബി.ജെ.പി വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.