പയ്യന്നൂർ: പയ്യന്നൂരിൽ വീടിന്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം. കാര അങ്കൻവാടിക്ക് സമീപത്തെ വി.പി. ഉഷാകുമാരിയുടെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുൻ വാതിൽ കുത്തി തുറന്നെങ്കിലും ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല.

ഭർത്താവും മക്കളും വിദേശത്തായതിനാൽ വീട്ടിൽ ഉഷാകുമാരി തനിച്ചാണ് താമസം. ഒറ്റക്കായതിനാൽ തൊട്ടടുത്ത് തന്നെയുള്ള സഹോദരൻ സുരേശന്റെ വീട്ടിലാണ് രാത്രി ഉഷാകുമാരി തങ്ങാറുള്ളത് . കവർച്ചാ

ശ്രമം നടന്ന രാത്രി വീട്ടിൽ ആരുമില്ലായിരുന്നു. മുൻവാതിലിന്റെ പൂട്ട് തകർത്താണ് കുത്തി തുറന്നിട്ടുള്ളത്. പുലർച്ചെ മൂന്ന് മണിയോടെ അയൽവാസി പ്രിയേഷ് വീടിന്റെ പുറത്തെ ലൈറ്റ് തെളിയിച്ചതോടെ മോഷ്ടാവ് ഇറങ്ങി ഓടി രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.