പിലിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിൽ വെള്ളച്ചാലിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹയർ സെക്കൻഡറി ഹോസ്റ്റലിന്റെ ഉദ്ഘാടനം 11ന് ഉച്ചക്ക് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വകുപ്പ് മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടക്കുന്നത്. 3.92 കോടി രൂപ ചെലവിൽ 20,505 സ്ക്വയർ മീറ്റർ വിശാലതയിൽ മൂന്നുനിലകളുള്ള കെട്ടിടമാണ് ഹോസ്റ്റലിനായി നിർമ്മിച്ചത്. തുടർന്ന് ഹോസ്റ്റലിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എം. രാജഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

2002 ൽ പ്രവർത്തനം തുടങ്ങിയ വെള്ളച്ചാൽ എം.ആർ.എസിൽ നിലവിൽ 160 വിദ്യാർത്ഥികളുണ്ട്. പത്താം തരം വരെയുള്ള 210 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള വിശാലമായ ഹോസ്റ്റൽ ഇവിടെയുണ്ട്. 2008 മുതൽ തുടർച്ചയായ 13 വർഷവും പത്താം ക്ലാസ്സിൽ 100 ശതമാനം വിജയം നേടിയെടുത്ത സ്കൂളിൽ അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറി തുടങ്ങും. ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള പ്രത്യേക ഹോസ്റ്റൽ ബ്ലോക്കാണ് പട്ടികജാതി വികസന വകുപ്പ് നിർമ്മിച്ചത്. കിഫ്ബി വഴി കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ 2019 ൽ ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്.